ബംഗളുരു: ഇറോം ശര്‍മ്മിള ഇരട്ടപ്പെണ്‍കുട്ടികളുടെ അമ്മയായി. ബംഗളുരുവിലെ ക്ലൗഡ് നയന്‍ ആസ്പത്രിയിലാണ് മാതൃദിനമായിരുന്ന ഇന്നലെ ഇറോം കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. നിക്‌സ് സാഖി, ഓറ്റം താര എന്നിങ്ങനെയാണ് പെണ്‍കുഞ്ഞുങ്ങളുടെ പേരുകള്‍.
2017-ലാണ് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയെ വിവാഹം കഴിച്ചത്. അഫ്‌സ്പയ്‌ക്കെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരമാണ് അവര്‍ നടത്തിയത്. സമരം നിര്‍ത്തിയതിനു ശേഷമായിരുന്നു വിവാഹം.
ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 തകിലോഗ്രാമുാണ് ഭാരം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീപാദ വിനേകര്‍ പറഞ്ഞു. മാതൃദിനത്തിലെ പ്രസവം തികച്ചും ആകസ്മികമാണെന്നും ശര്‍മിളയും ഭര്‍ത്താവും ഇക്കാര്യം ഓര്‍ക്കുകപോലും ചെയ്തിരുന്നില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇതൊരു പുതിയ ജീവിതമാണ് എനിക്ക്. വളരെ സന്തോഷമുണ്ട്. ആരോഗ്യമുളള കുഞ്ഞുങ്ങള്‍ വേണമെന്ന് മാത്രമാണ് ഞാനും ഭര്‍ത്താവും ആഗ്രഹിച്ചത്,’ ഇറോം പറഞ്ഞു. ഇറോമിന്റെ അമ്മയുടെ പേരാണ് ഇറോം സാഖി. ആദ്യ മകള്‍ക്ക് നിക്‌സ് സാഖി എന്നാണ് പേരിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇറോമിന്റെ മാതാവ് മരിച്ചത്.