ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമ(അഫ്‌സ്പ)ത്തിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ഷര്‍മിള ചാനുവില്‍ തെരഞ്ഞെടുപ്പില്‍ അതിദയനീയ തോല്‍വി. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒക്രോം ഇബോബി സിങിനെതിരെ മത്സരിച്ച ഇറോം ഷര്‍മിളക്ക് വെറും 51 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. മണിപ്പൂരില്‍ തുടര്‍ച്ചയായി നാലാം തവണയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സൂചനകള്‍.
പതിറ്റാണ്ടിലധികം നീണ്ട തന്റെ നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ഷര്‍മിള പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പ്രജ) എന്ന പാര്‍ട്ടിയുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ ബി.ജെ.പിയില്‍ നിന്ന് ക്ഷണമുണ്ടായിരുന്നെങ്കിലും അത് നിരസിച്ചാണ് അവര്‍ സ്വന്തമായി മത്സരിക്കാന്‍ തീരുമാനിച്ചത്. ഇറോം ഷര്‍മിളയുടെ പ്രജാ പാര്‍ട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.
ഈ തെരഞ്ഞെടുപ്പിലെ ഫലം എന്തായാലും താന്‍ അത് കാര്യമാക്കില്ലെന്നും 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന ഇറോം ഷര്‍മിള പറഞ്ഞിരുന്നു.
സംസ്ഥാനത്ത് പണവും മസില്‍പവറുമാണ് വിജയിച്ചതെന്ന് ഇറോം ഫലം പുറത്തുവന്നപ്പോള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം തന്നെ തളര്‍ത്തുകയില്ല. തന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ പോരാടും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി മാറിമറിയുമെന്നും ഇറോം പ്രതികരിച്ചു.