വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്‌ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇര്‍മയുടെ ശക്തിയില്‍ ക്യൂബയില്‍ കനത്ത മഴ പെയ്യുകയാണ്. ശക്തിയേറിയ കാറ്റും തീരങ്ങളില്‍ വീശുന്നുണ്ട്. ഇന്നലെയാണ് ക്യൂബന്‍ തീരങ്ങളില്‍ ഇര്‍മ നാശം വിതച്ചത്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല. ശബാനാ , കാംഗെയ്, ആര്‍ക്കിപെലായോ എന്നിവിടങ്ങളില്‍ കാറ്റും മഴയും കനത്ത നാശം വിതച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കാറ്റഗറി അഞ്ച് കരുത്തുള്ള ചുഴലിക്കാറ്റ് ക്യൂബയില്‍ വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലും സമീപസംസ്ഥാനങ്ങളിലും വന്‍നാശമുണ്ടാക്കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ മുന്നറിയിപ്പ്. കാറ്റ് ഇന്ന് അമേരിക്കന്‍ തീരത്തെത്തുമെന്നാണ് വിലയിരുത്തല്‍. ഹാര്‍വി ചുഴലിക്കാറ്റിന് പിന്നാലെ അമേരിക്കന്‍ തീരത്ത് വീശിയടിക്കാനൊരുങ്ങുന്ന ഇര്‍മയുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ സമാനതകളില്ലാത്തതാകുമെന്നാണ് വിദഗ്ദരുടെ നിഗമനം.
ഫ്‌ളോറിഡയില്‍ ദിവസങ്ങളോളും വൈദ്യുതി ഉണ്ടായിരിക്കില്ല, 5 ലക്ഷത്തോളം പേരോട് ഇതിനോടകം സ്ഥലം വിട്ടുപോകാന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി നിര്‍ദേശിച്ചു. കരീബീയന്‍ ദ്വീപ്‌സമൂഹങ്ങളില്‍ വീശിയതിനെ അപേക്ഷിച്ച് കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.
270 കിലോമീറ്ററിലധികം വേഗത്തില്‍ വീശുന്ന ഇര്‍മ ഫ്‌ളോറിഡയിലും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായിരിക്കും ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കുക .ക്യൂബ, ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ബഹാമസിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം,ബര്‍ബുഡാ ദ്വീപുകളിലും സെന്റ് മാര്‍ട്ടിനിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി.