X

വീണ്ടും ഇര്‍ഫാന്‍: 20 കിലോമീറ്റര്‍ റേസ് വാകിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമന്‍

ന്യൂഡല്‍ഹി: പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ റേസ് വാകിങ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍മി താരങ്ങള്‍ക്ക് വിജയം. മലയാളി താരം ഒളിംപ്യന്‍ കോലോത്തും തൊടി ഇര്‍ഫാന്‍ ഒന്നാം സ്ഥാനത്തെത്തി. ഒരു മണിക്കൂര്‍ 22 മിനിറ്റ് 43.48 സെക്കന്റിലാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ലണ്ടന്‍ ഒളിംപിക്‌സിനിടെ സ്ഥാപിച്ച തന്റെ കരിയര്‍ ബെസ്റ്റായ 1:20.21 എന്ന സമയത്തേക്കാള്‍ രണ്ട് മിനിറ്റ് കൂടുതലെടുത്താണ് ഇര്‍ഫാന്‍ ഫിനിഷ് ലൈന്‍ തൊട്ടത്.

എങ്കിലും സീസണിലെ ആദ്യ മത്സരം തന്നെ വിജയിക്കാനായതില്‍ ഇര്‍ഫാന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ‘കാലാവസ്ഥ നന്നായിരുന്നു, വിജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ കഠിനമായ മത്സരം നേരിടേണ്ടി വന്നില്ല. നാലാഴ്ച കഴിഞ്ഞാല്‍ മാര്‍ച്ചില്‍ ഏഷ്യന്‍ മീറ്റ് വരാനിരിക്കുന്നു. ഇതിനായി തന്റെ മികച്ച പ്രകടനം മാറ്റി വെച്ചിട്ടുണ്ട്.’ ഇര്‍ഫാന്‍ പറഞ്ഞു. പരിക്കു മൂലം മുഖ്യസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്ന ഇര്‍ഫാന്‍ വിജയത്തോടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.

പരിക്കു മൂലം മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതിനെ തുടര്‍ന്ന് 2016ലെ റിയോ ഒളിംപിക്‌സ് ഇര്‍ഫാന് നഷ്ടായിരുന്നു. പരിക്കു കാരണം പരിശീലനം പലപ്പോഴും തടസ്സപ്പെട്ടതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ താളം കണ്ടെത്തിയതായും ഇര്‍ഫാന്‍ പറഞ്ഞു. ആഗസ്തില്‍ നടക്കാനിരിക്കുന്ന ലോക മീറ്റിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇര്‍ഫാന്‍ താളം കണ്ടെത്തിയ മത്സരത്തില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ഗുര്‍മീത് സിങിന് താളം തെറ്റുകയും ചെയ്തു.

നടത്തത്തിനിടെ ഓടിയതിന് മൂന്ന് താക്കീതുകള്‍ ലഭിച്ച സിങിനെ 19 കിലോ മീറ്റര്‍ പിന്നിട്ടതിനു ശേഷം അയോഗ്യനാക്കി. ആദ്യ മൂന്നു സ്ഥാനത്തെത്തിയവരും ഒരേ വേഗതയിലായിരുന്നെങ്കിലും അവസാന 20 മീറ്ററുകളില്‍ ഇര്‍ഫാന്‍ കുതിക്കുകയായിരുന്നു. ഇര്‍ഫാന്റെ ടീം മേറ്റ് ദേവേന്ദര്‍ സിങ് 1:22.43.59 സെക്കന്റില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഗണപതി കെ.1:22.57.86 സെക്കന്റില്‍ മൂന്നാമതെത്തി. വനിതാ വിഭാഗത്തില്‍ ഒ.എന്‍.ജി.സിയുടെ പ്രിയങ്ക ഒന്നാം സ്ഥാനത്തെത്തി.

1:37.58.32. ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ റേസ് വാക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുത്തു. പുരുഷന്‍മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ സന്തീപ് കുമാര്‍ ഒന്നാമതെത്തി. 3:55.59.05 സെക്കന്റിലായിരുന്നു സന്തീപ് ഫിനിഷ് ചെയ്തത്.

chandrika: