X

പ്രായം ചിലര്‍ക്ക് അക്കം മാത്രം; വേറെ ചിലര്‍ക്ക് പുറത്താകാനുള്ള കാരണവും; ധോനിയെ കുത്തി ഇര്‍ഫാന്‍ പത്താന്‍?

 

ന്യൂഡല്‍ഹി: ‘പ്രായം ചിലര്‍ക്ക് വെറും നമ്പര്‍ മാത്രം, വേറെ ചിലര്‍ക്ക് അത് പുറത്താകാനുള്ള കാരണവും’. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ പങ്കുവച്ചത് ഇത്രമാത്രം. പക്ഷേ, ഇതിന്റെ മുന നീളുന്നത് ആരിലേക്ക് എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോനിക്കെതിരായി ഇര്‍ഫാന്‍ പായിച്ച ഒളിയമ്പാണെന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇന്നലത്തെ ധോനിയുടെ മോശം പ്രകടനത്തിനു ശേഷമാണ് ഇര്‍ഫാന്‍ ഈ ട്വീറ്റ് നടത്തിയത് എന്നതു കൊണ്ട്.

ഇതിനകം തന്നെ മുപ്പത്തിനാലായിരത്തിലധികം പേര്‍ ഇര്‍ഫാന്റെ ഈ ട്വീറ്റ് ലൈക്ക് ചെയ്തു. അയ്യായിരത്തോളം പേര്‍ റീട്വീറ്റും ചെയ്തു. തൊള്ളായിരത്തിലധികം കമന്റുകളും. മലയാളത്തില്‍ ഉള്‍പെടെയുള്ള കമന്റുകള്‍ ട്വീറ്റിനു താഴെ വന്നിട്ടുണ്ട്. ട്വീറ്റ് ഉന്നമിടുന്നത് ധോനിയെ തന്നെയാണെന്നാണ് മിക്കവരുടെയും അഭിപ്രായം.

കഴിഞ്ഞ ദിവസം ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുന്നതിനായി ചെന്നൈക്കായിരുന്നില്ല. അവസാന ഓവറുകളില്‍ ധോനിയായിരുന്നു ക്രീസില്‍. എന്നാല്‍ ഫിനിഷര്‍ എന്ന പേര് അദ്ദേഹത്തിന് ഇന്നലെ അന്വര്‍ഥമാക്കാനായില്ല. അവസാന ഓവറില്‍ 28 റണ്‍സ് വേണ്ടിടത്ത് നേടിയത് 20 റണ്‍സ്. ഇതോടെ ചെന്നൈ ഏഴു റണ്‍സിന് തോറ്റു. ടീം തോറ്റു എന്നതിനപ്പുറം ധോനിയുടെ കഴിഞ്ഞ ദിവസത്തെ ശരീര ഭാഷ തന്നെ ക്ഷീണം പിടിച്ചതായിരുന്നു. ബാറ്റിങ്ങിനിടയില്‍ പലപ്പോഴും ക്ഷീണം പ്രകടിപ്പിച്ച ധോനി ഇടക്കിടെ കാല്‍മുട്ടിലൂന്നി നിന്ന് ചുമക്കുന്നത് കാണാമായിരുന്നു. ഇതെല്ലാം കൊണ്ടു തന്നെയാണ് ഇര്‍ഫാന്റെ ട്വീറ്റിന്റെ മുന വന്നു കൊള്ളുന്നത് ധോനിയിലാണ് എന്ന് പലരും വിശ്വസിക്കുന്നത്.

 

 

web desk 1: