X
    Categories: MoreViews

ഇര്‍ഫാന്‍ ഖാന്റെ ട്യൂമറിനെക്കുറിച്ച് ഡോക്ടര്‍ സൗമിത്ര റാവത്തിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണവുമായി ഡോക്ടര്‍ സൗമിത്ര റാവത്ത്. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനാണ് അദ്ദേഹം. തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് നേരത്തെ ഇര്‍ഫാന്‍ പറഞ്ഞിരുന്നു.

ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെയാണ് ഈ ട്യൂമര്‍ രൂപപ്പെടുന്നതെന്ന് സൗമിത്ര റാവത്ത് പറഞ്ഞു. പാന്‍ക്രിയാസ്, ശ്വാസകോശം, തൈറോയ്ഡ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് വളരുന്നത്. അപൂര്‍വ രോഗമാണ്. എന്നാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റും. ട്യൂമര്‍ രൂപപ്പെട്ടിരിക്കുന്നത് എവിടെയാണെന്നും അതിന്റെ വലിപ്പം എത്രത്തോളമുണ്ട് എന്നതും പ്രധാനമാണ്. അതു മനസ്സിലാക്കിയ ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗിക്ക് വിദഗ്ധ പരിശോധയും ചികിത്സയും നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ റാവത്ത്് എ.എന്‍.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് അസുഖത്തെക്കുറിച്ച് വ്യക്തമാക്കിയത്.

മുംബൈയിലെ കോകിലാബെന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാനെ വിദേശത്തേക്ക് ചികിത്സക്കായി കൊണ്ടുപോവും. നേരത്തെ, ആശുപത്രി അധികൃതര്‍ ഇര്‍ഫാന്‍ ഖാന്‍ ചികിത്സയിലാണെന്ന വസ്തുത നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുതാപ സിക്ദാര്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഭര്‍ത്താവിന്റെ രോഗത്തോട് പോരാടിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അവരുടെ പരാമര്‍ശം.

chandrika: