ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. നടത്ത താരം കെ.ടി ഇര്‍ഫാന്‍, ട്രിപ്പിള്‍ ജമ്പ് താരം എ.വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ‘നോ നീഡില്‍ പോളിസി’ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും താമസിക്കുന്ന മുറിയുടെ സമീപത്തു നിന്ന് സൂചിയും ബാഗില്‍ നിന്ന് സിറിഞ്ചും കണ്ടെത്തിയെന്നാണ് ആരോപണം.
അതേസമയം, താരങ്ങള്‍ക്കെതിരായ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ തീരുമാനത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് ഗെയിംസ് വില്ലേജില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരായ നടപടി യുക്തിരഹിതമാണ്. പരിശോധനയില്‍ താരങ്ങള്‍ മരുന്നുപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.