X

കിര്‍കുക് പിടിച്ചെടുത്തെന്ന് ഇറാഖ്; ആശങ്ക അറിയിച്ച് അമേരിക്ക

ബഗ്ദാദ്: ഹിതപരിശോധന നടത്തി പുറത്തുപോകാന്‍ തീരുമാനിച്ച കുര്‍ദിഷ് മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കിര്‍കുക്ക് നഗരത്തിന്റെയും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണം ഇറാഖ് സേന പിടിച്ചെടുത്തു. വിവാദ ഹിതപരിശോധന കഴിഞ്ഞ് മൂന്നാഴ്ചക്കുശേഷമാണ് ഇറാഖ് സേന വന്‍ സന്നാഹത്തോടെ കുര്‍ദിസ്താനിലേക്ക് കടന്നത്. സെപ്തംബര്‍ 25ന് നടന്ന ഹിതപരിശോധനയില്‍ കുര്‍കുക് ഉള്‍പ്പെടെയുള്ള കുര്‍ദിഷ് മേഖലകളെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെ അനുകൂലിച്ചിരുന്നു.

ഇറാഖ് സേനയും കുര്‍ദിഷ് സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായതോടെ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗവും സമാധാനം പാലിക്കണമെന്ന് യു.എസ് നിര്‍ദേശിച്ചു. ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് അഭ്യര്‍ത്ഥിച്ചു. മേഖലയില്‍ അമേരിക്കക്ക് ഇറാഖ് സൈന്യത്തിന്റെയും കുര്‍ദിഷ് പോരാളികളുടെയും പിന്തുണ ഒരുപോലെ പ്രധാനമാണ്. ഇറാഖിലെ പല പ്രദേശങ്ങളിലും ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കുര്‍ദിഷ് സേനയും അമേരിക്കയുമായി സജീവമായി സഹകരിക്കുന്നുണ്ട്.

ഇറാഖ് ഭരണകൂടത്തിലെയും കുര്‍ദിഷ് വിഭാഗത്തിലെയും പ്രമുഖരുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചതായി നോര്‍ട്ട് പറഞ്ഞു. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ കുര്‍ദിഷ് സേനക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇറാഖ് ഭരണകൂടത്തിന് യു.എസ് സെനറ്റര്‍ ജോണ്‍ മക്കെയിന്‍ മുന്നറിയിപ്പുനല്‍കി. വടക്കുപടിഞ്ഞാറന്‍ നിനവ പ്രവിശ്യയിലെ സിന്‍ജാര്‍ നഗരം കുര്‍ദിഷ് പെഷ്മര്‍ഗ പോരാളികളികളില്‍നിന്ന് ഇറാഖ് അനുകൂല മിലീഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെഷ്മര്‍ഗ പോരാളികള്‍ പിന്മാറിയതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ഉണ്ടായില്ല. കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള എണ്ണ സമ്പന്ന കിര്‍കുക് പ്രവിശ്യക്കുമേല്‍ ഇറാഖ് ഭരണകൂടവും കുര്‍ദിസ്താന്‍ അധികാരികള്‍ ഒരുപോലെ അവകാശവാദമുന്നയിക്കുന്നുണ്ട്.

തലസ്ഥാനമായ കിര്‍കുക്ക് നഗരത്തില്‍ ഏറെയും അറബി, തുര്‍ക്കി വംശജരാണ്. വടക്കന്‍ ഇറാഖില്‍ ഐ.എസ് തീവ്രവാദികള്‍ ആധിപത്യമുറപ്പിക്കുകയും ഇറാഖ് സേന പിന്മാറുകയും ചെയ്തതിനെ തുടര്‍ന്ന് 2014ലാണ് കുര്‍ദിഷ് പെഷ്മര്‍ഗ കിര്‍കുക്ക് പ്രവിശ്യ പിടിച്ചെടുത്തത്. ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ കുര്‍കുക്കിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഇറാഖ് പാര്‍ലമെന്റ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയോട് ആവശ്യപ്പെട്ടിരുന്നു. നഗരത്തില്‍ ഇറാഖ് സേനയെ നേരിടാന്‍ പി.കെ.കെ പോലുള്ള കുര്‍ദിഷ് പോരാളികളും രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ട്. കുര്‍ദിസ്താന്‍ രാഷ്ട്രത്തെ എതിര്‍ത്ത് യുദ്ധപ്രഖ്യാപനം നടത്തിയ കിര്‍കുകില്‍ സൈനിക നടപടി ആരംഭിച്ചതിന് ഇറാഖ് ഭരണകൂടം കനത്ത വില നല്‍കേണ്ടിവരുമെന്ന് കുര്‍ദിഷ് പെഷ്മര്‍ഗ മുന്നറിയിപ്പനല്‍കി.

chandrika: