X

വോട്ടിങ് യന്ത്രങ്ങളില്‍ ഗുരുതരമായ പാകപ്പിഴ: ഇറാഖ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശ യാത്രാവിലക്ക്

ബഗ്ദാദ്: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിദേശ യാത്രകള്‍ നടത്തുന്നത് ഇറാഖ് വിലക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അപകടകരമായ നിയമലംഘനങ്ങള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിച്ച ചില വോട്ടിങ് യന്ത്രങ്ങളില്‍ ഗുരുതരമായ പാകപ്പിഴകളുണ്ടായതായും ചിലര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ അട്ടിമറിച്ച് ഷിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ സൈറൂന്‍ രാഷ്ട്രീയസഖ്യം വന്‍ വിജയം നേടിയിരുന്നു. അബാദിയുടെ അല്‍ നസ്ര്‍ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അപ്രതീക്ഷിത തിരിച്ചടി നേരിട്ട അബാദി വോട്ടുകള്‍ ഭാഗികമായി രണ്ടാമത് എണ്ണണമെന്നും വിദേശ വോട്ടിങ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ ക്രമക്കേടുകളാണ് ശ്രദ്ധയില്‍പെട്ടിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് അതിന് പ്രധാന ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സദ്‌റിന്റെ രാഷ്ട്രീയ സഖ്യം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടരവെ അബാദിയുടെ ആരോപണങ്ങള്‍ ഇറാഖില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമോ എന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.

ഇറാഖിലെ വിദേശ ഇടപെടലിനെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് സദ്ര്‍. അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന അബാദിയെപ്പോലുള്ള ഉപരിവര്‍ഗ രാഷ്ട്രീയക്കാര്‍ക്ക് സദ്‌റിന്റെ വിജയം കനത്ത തിരിച്ചടിയാണ്. ഐ.എസ് തീവ്രവാദികളുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന ആസ്പത്രികളും സ്‌കൂളുകളും പുനര്‍നിര്‍മിക്കുമെന്നും സ്വത്ത് വകകള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുമെന്നും സദ്ര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: