തെഹ്‌റാന്‍: പ്രതിരോധ ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ആരുടെയും അനുമതിക്ക് കാത്തിരിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. വിദേശ ഭീഷണികള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധനിര തീര്‍ക്കുന്നതിന് സൈന്യം സജ്ജമാണെന്നും സൈനിക ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. പരമാധികാരത്തിലും ശക്തിയിലും വിശ്വസിക്കുന്ന രാജ്യങ്ങള്‍ ആഭ്യന്തര ശേഷിയെ മാത്രമാണ് ആശ്രയിക്കുക. ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് ലോകത്തിന്റെ അനുമതിക്കുവേണ്ടി കാത്തിരിക്കില്ലെന്നും റൂഹാനി പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയില്‍ ആണവായുധങ്ങള്‍ തള്ളി സംഘര്‍ഷം സൃഷ്ടിക്കുന്നതിനെതിരെ അദ്ദേഹം പാശ്ചാത്യ ശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാത്രമേ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കൂ എന്ന് റൂഹാനി അഭിപ്രായപ്പെട്ടു. മിസൈല്‍ പദ്ധതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ നടപടി ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും ശക്തമാണ്. പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രമാണ് മിസൈലുകള്‍ വികസിപ്പിക്കുന്നതെന്നും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ അല്ലെന്നും ഇറാന്‍ പറയുന്നു.