ഇസ്രാഈലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രാഈല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്ന് സഞ്ചരിച്ചിരുന്ന എം.സി.എസ് ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പല്‍ ഇറാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് നീക്കിയതായി തെഹ്റാനില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇറാന്‍ നാവികസേനയും റെവല്യൂഷനറി ഗാര്‍ഡും ചേര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. ഏത് സാഹചര്യത്തിലാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇറാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പല്‍ പിടിച്ചെടുത്തതില്‍ ഇറാന്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് വ്യക്തമാക്കി.
ഇസ്രാഈലിനെതിരായ പ്രത്യാക്രമണത്തിന് നൂറിലധികം ക്രൂയിസ് മിസൈലുകള്‍ ഇറാന്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. കിഴക്കന്‍ മെഡിറ്റേറിയന്‍ കടലില്‍ 2 യു.എസ് നേവി ഡിസ്ട്രോയറുകളെയാണ് വിന്യസിച്ചത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങള്‍ ഈ യുദ്ധക്കപ്പലുകളിലുണ്ട്.
ഇസ്രാഈലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കാനായി ഇറാന്‍ നൂറിലധികം ക്രൂയിസ് മിസൈലുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ നയതന്ത്ര കേന്ദ്രത്തില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്രാഈലി ലക്ഷ്യങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ പരസ്യ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനാല്‍ തന്നെ ഇസ്രായേല്‍ അതീവ ജാഗ്രതയിലാണ്. ഡമാസ്‌കസിലെ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ 2 ഉന്നത ജനറല്‍മാരുള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിക്കുകയും പ്രതികരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
അതേസമയം, കഴിഞ്ഞ മാസങ്ങളിലെല്ലാം സിറിയയിലുടനീളമുള്ള ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഈ ആക്രമണങ്ങള്‍ തീര്‍ച്ചയായും തിരിച്ചടി നല്‍കുമെന്ന് ഇറാനും ലെബനനിലെ പ്രധാന സഖ്യകക്ഷിയായ ഹിസ്ബുള്ളയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരോട് ഇസ്രാഈലിലേക്കും ഇറാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.