X

മിസൈല്‍: അമേരിക്കക്കു മുന്നറിയിപ്പ് നല്‍കി ഇറാന്‍

തെഹ്‌റാന്‍: ഏഴു മുസ്‌ലിം രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യു.എസിനു മുന്നറിയിപ്പ് നല്‍കി ഇറാന്‍ രംഗത്ത്. ഇറാന്‍ നടത്തുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ ഇടപെടല്‍ നടത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷരീഫ് പറഞ്ഞു. ഇറാന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ അല്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ സന്ദര്‍ശനത്തിനായി തെഹ്‌റാനിലെത്തിയ ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക് അയ്‌റൗട്ടുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മളനത്തിലാണ് ജാവേദ് യു.എസിനെതിരെ ആഞ്ഞടിച്ചത്. തെഹ്‌റാനില്‍ മിസൈല്‍ പരീക്ഷണം നടത്തിയെന്നാരോപിച്ച് അമേരിക്ക യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇറാന്റെ പ്രതികരണം. രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനു മാത്രമാണ് മിസൈല്‍ നിര്‍മാണമെന്നും ആണവായുധങ്ങള്‍ പോര്‍മുഖത്തേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജാവേദ് ഷരീഫ് പറഞ്ഞു.

chandrika: