ന്യൂഡല്‍ഹി: മൂന്നാം കക്ഷി ഇടപെടലില്ലാതെ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ നേരിട്ടു നല്‍കാന്‍ ഒരുക്കമെന്ന് ഇറാന്‍. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെഗാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഉപഭോഗ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഇന്ധന ഇറക്കുമതിക്കാരുടെ പട്ടികയിലും ഇതേ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനത്തിനും ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. നേരത്തെ ഇന്ത്യക്ക് ആവശ്യമായ ഇന്ധനത്തിന്റെ പകുതിയും ഇറാനില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുകയും ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തതോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെക്കുകയായിരുന്നു. ഇത് പുനരാരംഭിക്കാന്‍ ഒരുക്കമാണെന്നാണ് ഇറാന്റെ നിലപാട്.
ഉപരോധം നീക്കുന്നതിന് ലോക രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെ ന്നും ഇറാന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കരാറില്‍ എത്തിയാല്‍ ഇരുരാജ്യങ്ങള്‍ ക്കും നേട്ടമാണ്.
ഇടനിലക്കാര്‍ക്കായി ചെലവിടുന്ന തുക ഒഴിവാക്കാനാകും. ബാര്‍ട്ടര്‍ സംവിധാനത്തിനു തുല്യമായാണ് ഇന്ത്യ -ഇറാന്‍ എണ്ണ ഇറക്കുമതി നടന്നിരുന്നത്. ഇറക്കുമതി ചെയ്യുന്നതിനുള്ള എണ്ണയുടെ വില ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യയിലെ തന്നെ ബാങ്ക് അക്കൗണ്ടുകളിലാണ് നിക്ഷേപിക്കാറ്. ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ അടക്കം ഇറക്കുമതി ചെയ്യുന്നതിനുള്ള പണം നല്‍കാന്‍ ഈ തുകയാണ് ഇറാന്‍ ഉപയോഗിക്കാറ്.
2019 ഏപ്രിലിലാണ് ഇറാനെതിരായ ഉപരോധം അമേരിക്ക പുനഃസ്ഥാപിക്കുന്നത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം 1700 കോടി യു.എസ് ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. എന്നാല്‍ ഉപരോധം പുനഃസ്ഥാപിച്ചതോടെ ഇത് കു ത്തനെ കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെയുള്ള 10 മാസത്തില്‍ 200 കോടി ഡോളറിന്റെ ഇടപാട് മാത്രമാണ് നടന്നത്.
റുപ്പി – റിയാല്‍ വ്യാപാര സംവിധാനം (ഇന്ത്യ- ഇറാന്‍ നേരിട്ടുള്ള വ്യാപാരം) പുനരാരംഭിച്ചാല്‍ 3000 കോടി ഡോളറിലേക്ക് വ്യാപാരം എത്തിക്കാനാകുമെന്ന് അലി ചെഗാനി കൂട്ടിച്ചേര്‍ത്തു.