തെഹ്‌റാന്‍: സഊദി അറേബ്യക്കും യു.എ.ഇക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഇറാന്‍. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നു.
ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സഊദിയുടെയും യു.എ.ഇയുടെയും തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് വീഡിയോയിലെ ഭീഷണി. വീഡിയോ ഫാര്‍സ് ഓഫ് ന്യൂസ്് ഏജന്‍സി ഇക്കാര്യം ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇറാന്‍ മിലിട്ടറി പരേഡിനു നേരെ ഉണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇത്തരമൊരു ഭീഷണിയുമായി തെഹ്‌റാന്‍ രംഗത്തുവന്നത്.
റവല്യൂഷണറി ഗാര്‍ഡ് നേരത്തെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടര്‍ന്ന് യു.എ.ഇ തലസ്ഥാനമായ അബുദാബിയും സൗദി തലസ്ഥാനമായ റിയാദും തകര്‍ക്കുന്നതിന്റെ ഗ്രാഫിക് ചിത്രീകരണവും വീഡിയോയില്‍ കാണാന്‍ സാധിക്കും. സഊദിക്കും യുഎഇക്കും പിന്നാലെ ഇസ്രാഈലിനെയും ഇറാന്‍ വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.