X

ഇറാന്‍ ആണവ കരാര്‍: ട്രംപിനെ നേരിടാന്‍ വന്‍ശക്തികള്‍ ഒരുങ്ങുന്നു

വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തടയിടുന്നതിന് പുതിയ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സൂചിപ്പിച്ചു. വാഷിങ്ടണില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, 2015ലെ ഇറാന്‍ ആണവ കരാറിന്റെ കാര്യത്തില്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന് മക്രോണ്‍ സമ്മതിച്ചു. ആണവ പ്രശ്‌നം ഉള്‍പ്പെടെ മുഴുവന്‍ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന കരാറിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറില്‍നിന്ന് പിന്‍വാങ്ങുന്നതിനെതിരെ ട്രംപിന് മക്രോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജര്‍മനിയും യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ഒപ്പുവെച്ച ആണവ കരാര്‍ ഇറാന് അനുകൂലമാണെന്നാണ് ട്രംപിന്റെ വാദം. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കരാറാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വ്യവസ്ഥകളില്‍ മാറ്റം വരുത്തി കരാര്‍ അട്ടിമറിക്കാന്‍ യു.എസ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കരാര്‍ റദ്ദാക്കുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആണവ കരാര്‍ ദുര്‍ബലമാക്കാനുള്ള ട്രംപിന്റെയും മക്രോണിന്റെയും നീക്കത്തെ തിരിച്ചറിയണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കരാറില്‍നിന്ന് പിന്‍വലിയുന്നതിലൂടെ അമേരിക്ക വന്‍ അബദ്ധമായിരിക്കും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് രാഷ്ട്രീയവും ധാര്‍മികവുമായ വില നല്‍കേണ്ടിവരുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി. ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള കരാറിന് യാതൊരു കുഴപ്പവുമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രവിഭാഗം മേധാവി ഫെഡറിക്ക മൊഗെരിനി പറഞ്ഞു. അത് തുടരുന്ന കാര്യം ഉറപ്പാക്കുകയാണ് വേണ്ടത്. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 2015ല്‍ കരാറുണ്ടാക്കിയതെന്നും അതെല്ലാം ഇനി ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും റഷ്യ വ്യക്തമാക്കി.

chandrika: