X

ഇറാന്‍ സര്‍ക്കാറിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലികള്‍; വ്യാപക അറസ്റ്റ്

തെഹ്‌റാന്‍: ഇറാനില്‍ രണ്ടു ദിവസമായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ റാലികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. അഴിമതിയും ജീവിത നിലവാരത്തകര്‍ച്ചയും ആരോപിച്ച് നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഇറാന്‍ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുറഹ്മാന്‍ റഹ്മാനി ഫസ്‌ലി മുന്നറിയിപ്പുനല്‍കി. ഭരണകൂടത്തിനെതിരെ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ വിപ്ലവ വിരോധികളും വിദേശ ശക്തികളുടെ ഏജന്റുമാരുമാണെന്ന് ഇറാന്‍ അധികാരികള്‍ ആരോപിച്ചു.

തെഹ്‌റാന്‍ സര്‍വകലാശാലയിലും മറ്റു ചില പ്രദേശങ്ങളിലും ചെറുസംഘങ്ങള്‍ ഇന്നലെയും ഒത്തുകൂടി. ശനിയാഴ്ച നടന്ന റാലികളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വ്യാഴാഴ്ച മഷ്ഹദ് നഗരത്തിലായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. വിലവര്‍ധനവില്‍ പ്രതിഷേധിച്ചും പ്രസിഡന്റ് ഹസന്‍ റൂഹാനിയോട് അമര്‍ഷം പ്രകടിപ്പിച്ചുമായിരുന്നു മഷ്ഹദില്‍ ജനം തെരുവിലിറങ്ങിയത്. ഭരണകൂടത്തിനെതിരെ അതിരുവിട്ട മുദ്രാവാക്യങ്ങള്‍ മുഴക്കിയ 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച മറ്റു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ചില നഗരങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചവര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. 2009ലെ പരിഷ്‌കരണവാദ റാലികള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാന്‍ കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത്. പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയോട് രാജിവെക്കാന്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോ സന്ദേശം ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായി ഇന്നലെ ഭരണകൂടത്തിന്റെ അനുകൂലികളും തെരുവിലിറങ്ങി. ഭരണകൂടത്തിന്റെ എതിരാളികളാണ് പ്രതിഷേങ്ങള്‍ക്കു പിന്നിലെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാംഗീരി പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ സംഭവങ്ങളെങ്കിലും അതിനു പിന്നില്‍ ചിലരൊക്കെ ഉള്ളതായി സംശയിക്കുന്നു. ഭരണകൂടത്തിന് ദ്രോഹം ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ മറ്റു ചിലരാണ് ആ തിരമാലയില്‍ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളെ പൊലീസ് ശക്തമായി നേരുമെന്ന് തെഹ്‌റാന്‍ ഗവര്‍ണര്‍ ജനറല്‍ അറിയിച്ചു.

chandrika: