X
    Categories: MoreViews

ഇറാന്‍ പ്രക്ഷോഭം പുതിയ വഴിത്തിരിലേക്ക്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഇറാനിലെ ദോറുദ് നഗരത്തില്‍ രാത്രിയാണ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതെന്ന് മെഹ്ര്‍ വാര്‍ത്താ ഏജന്‍സി പറയുന്നു. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയിലും വര്‍ധിച്ചവരുന്ന അഴിമതിയിലും പ്രതിഷേധിച്ച് മൂന്ന് ദിവസമായി തുടരുന്ന പ്രക്ഷോഭം ഇതോടെ പുതിയ വഴിത്തിരിലേക്ക് നീങ്ങിയിരിക്കുകയാണ്.

പൊലീസോ സുരക്ഷാ സേനയോ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ചിട്ടില്ലെന്ന് ലൂറിസ്താന്‍ പ്രവിശ്യ ഗവര്‍ണറുടെ സുരക്ഷാ മേധാവി ഹബീബുല്ല ഖോജസ്തിപോര്‍ പറഞ്ഞു. പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും പരമോന്നത നേതാവ് അലി ഖാംനഇക്കുമെതിരെയുള്ള റാലികള്‍ ഇറാന്റെ ആഭ്യന്തര സ്വസ്ഥത കെടുത്തിത്തുടങ്ങിയിട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് മറുപടിയുമായി ശനിയാഴ്ച തെഹ്‌റാനാനില്‍ സര്‍ക്കാര്‍ അനുകൂല റാലികളും അരങ്ങേറിയിരുന്നു.

പൊതു ക്രമസമാധാനം തകര്‍ക്കുന്ന നീക്കങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആഭ്യന്തര മന്ത്രി അബ്ദുറഹ്മാന്‍ റഹ്മാനി ഫസ്‌ലി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മശ്ഹദ് നഗരത്തിലായിരുന്നു റാലികളുടെ തുടക്കം. തുടര്‍ന്ന് മറ്റു നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ശനിയാഴ്ച വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. സംഭവത്തില്‍ അമേരിക്ക തലയിട്ടതോടെ പ്രതിഷേധ പരിപാടികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്.

പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ വിലകുറഞ്ഞതാണെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ട്രംപിന്റെയും യു.എസ് നേതാക്കളുടെയും അവസരാവാദ ജല്‍പനങ്ങള്‍ക്ക് ഇറാന്‍ ജനത വില കൊടുക്കുന്നില്ലെന്ന് മന്ത്രാലയ വക്താവ് ബഹ്‌റാം ഖാസിമി വ്യക്തമാക്കി. പ്രതിഷേധങ്ങളെ നേരിടുന്നതിന് അലി ഖാംനഇയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുകളും പതാകകളുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടിവി പുറത്തുവിട്ടു.

chandrika: