തെഹ്‌റാന്‍: ആണവകരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ ഇറാന് ആശ്വാസം പകര്‍ന്ന് ആണവോര്‍ജ ഏജന്‍സി. 2015ല്‍ അഞ്ച് രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവ കരാര്‍ ഇറാന്‍ പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കുന്നതായി പരിശോധനയില്‍ വ്യക്തമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ യുകിയ അമാനോ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഇറാനെതിരെയുള്ള ആരോപണങ്ങള്‍ക്ക് വിരാമമാകും. ഇറാന്റെ ആണവ റിയാക്ടറുകളിലുള്‍പ്പെടെ നടത്തിയ കര്‍ശനമായ പരിശോധനയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അമേരിക്കയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.
ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ആദ്യമായാണ് ആണവ ഏജന്‍സിയുടെ പരിശോധനാ സംഘം ഇറാനിലെത്തിയത്. 2016 ജനുവരി മുതല്‍ ആണവകരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാനില്‍ പരിശോധന നടത്തി വരുന്നുണ്ടെന്ന് അമാനോ പറഞ്ഞു. കരാര്‍ പ്രകാരം ഇറാന്‍ പാലിക്കാമെന്നേറ്റ മുഴുവന്‍ വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പരിശോധനയ്ക്കു ശേഷം പറഞ്ഞു.
യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാത്ത വിധം സുവ്യക്തമായിരുന്നു ആണവ ഏജന്‍സി തലവന്റെ പ്രസ്താവന. കാര്യങ്ങള്‍ വസ്തുതാപരമാവണമെന്നതാണ് ഏറ്റവും പ്രധാനം അമാനോ പറഞ്ഞു. ഐ.എ.ഇ.എയുടെ ഡയരക്ടര്‍ ജനറലായതു മുതല്‍ എന്നും വസ്തുനിഷ്ഠമാവാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ചിലപ്പോള്‍ മോശം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടാവും. എന്നാല്‍ നല്ല വാര്‍ത്തകളും പുറത്തറിയിക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ പാലിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത് ഞാന്‍ തുടരുകയും ചെയ്യും അദ്ദേഹം വ്യക്തമാക്കി.
ഇറാന് ആണവകരാര്‍ പാലിക്കുന്ന രാജ്യമെന്ന് ആണവോര്‍ജ സംഘടന
Tags: iran