X
    Categories: CultureMoreViews

യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി ഇറാന്‍

തെഹ്‌റാന്‍: അമേരിക്കന്‍ പിന്മാറ്റത്തെത്തുടര്‍ന്ന് ആണവ കരാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യൂറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി ഇറാന്‍. കരാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള നീക്കം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ)യെ അറിയിക്കും. ഇതുസംബന്ധിച്ച കത്ത് ഐ.എ.ഇ.എക്ക് നല്‍കുമെന്ന് ഇറാന്‍ ആണവോര്‍ജ ഏജന്‍സി വക്താവ് ബെഹ്‌റൂസ് കമല്‍വന്ദി പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്ട്രിഫ്യൂഗുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇറാന് ശേഷിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അമേരിക്ക ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്മാറിയ പശ്ചാത്തലത്തില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്താന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ ഇറാന്‍ ആണവയാധു ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക പിന്‍വലിഞ്ഞെങ്കിലും കരാര്‍ തകരാതെ സൂക്ഷിക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും ശ്രമം തുടരുകയാണ്. ഇറാന്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുമ്പോഴും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച യു.എസ് നടപടി അംഗീകരിക്കില്ലെന്ന് ഖാംനഇ യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ചിരുന്നു. 2015ല്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം പരിമിതമായ യുറേനിയം സമ്പുഷ്ടീകരണത്തിന് മാത്രമേ ഇറാനെ അനുദിക്കുന്നുള്ളൂ.
ആണവായുധം നിര്‍മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകൃത യുറേനിയം ഇറാന്റെ കൈയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കരാര്‍ പ്രത്യേകം നിര്‍ദേശമുണ്ട്. വ്യവ്യസ്ഥകള്‍ പാലിക്കുന്നതിന് പകരം ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇളവു ചെയ്തിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: