തെഹ്‌റാന്‍: മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിച്ചും അത്യാധുനിക പോര്‍വിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങിക്കൂട്ടിയും ഇറാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. വിദേശ സൈനിക പ്രതിനിധി സംഘത്തോട് നടത്തിയ പ്രസംഗത്തില്‍ ഇറാന്‍ ഉപ പ്രതിരോധ മന്ത്രി മുഹമ്മദ് അഹദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ ആയുധ നിര്‍മാണ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കും. അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിലായിരിക്കും രാജ്യത്തിന്റെ ഭാവി ശ്രദ്ധ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ നവീകരിച്ച് ആക്രമണ ശേഷി വര്‍ധിപ്പിക്കും. പുതിയ തലമുറയില്‍ പെട്ട പോര്‍വിമാനങ്ങള്‍ പരമാവധി വാങ്ങും. അന്താരാഷ്ട്ര ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍മാറുകയും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ മേഖല ശക്തിപ്പെടുത്താനാണ് ഇറാന്റെ തീരുമാനമെന്നും അഹദി പറഞ്ഞു.
പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച പുതിയ പോര്‍വിമാനം കഴിഞ്ഞ മാസം ഇറാന്‍ അവതരിപ്പിച്ചിരുന്നു. യു.എസ് പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഭാവി ആണവായുധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുതിയ കൂടിയാലോചനകള്‍ വേണമെന്ന ഫ്രഞ്ച് ആവശ്യം ഇറാന്‍ തള്ളിയിട്ടുണ്ട്. യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് ഇറാനിയന്‍ അഭിഭാഷകര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശത്രുക്കളെ തടുത്തുനിര്‍ത്തുകയും ശാശ്വത സമാധാനം സ്ഥാപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ സൈനിക പദ്ധതികളെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതിലൂടെ പരോക്ഷമായി അമേരിക്കയെ വെല്ലുവിളിക്കുകയാണ് ഇറാന്‍ ചെയ്യുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷര്‍ അഭിപ്രായപ്പെടുന്നു.