X

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’

ഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2017 ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നഴ്‌സായ നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. വർഷങ്ങളായി യെമനിൽ ജോലി ചെയ്യുകയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ. തലാലുമായി ചേർന്ന് യെമനിൽ നിമിഷപ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷക്ക് വിധിച്ചിരുന്നു. തലാലിന്‍റെ കുടുംബത്തിന് ദയാധനം നൽകി, നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കുടുംബം ശ്രമിച്ചിരുന്നു.

webdesk14: