X

ഇറാന്‍ പ്രസിഡന്റിന്റെ സഹോദരന്‍ കസ്റ്റഡിയില്‍

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും സഹോദരന്‍ ഹുസൈന്‍ ഫരീദൂനിയും

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സഹോദരന്‍ ഹുസൈന്‍ ഫരീദൂനിനെ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട് ജാമ്യനിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ഇറാന്‍ ജുഡീഷ്യറി വ്യക്താവ് അറിയിച്ചു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജര്‍മാര്‍ക്ക് ശമ്പളം കൂട്ടിനല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ഹുസൈന്‍ കുറ്റാരോപിതനായിരുന്നു. ഒരു വര്‍ഷത്തിലേറെയായി റൂഹാനിയെ വേട്ടയാടുന്ന കേസാണിത്. അതേസമയം ചാരക്കേസില്‍ പിടിയിലായ ഒരു യു.എസ് പൗരന് ഇറാന്‍ കോടതി 10 വര്‍ഷം തടവ് വിധിച്ചു. ഇരട്ട പൗരത്വമുള്ള വ്യക്തിയുടെ പേരുവിവരങ്ങള്‍ ഇറാന്‍ ജുഡീഷ്യറി പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ നിര്‍ദേശപ്രകാരം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇയാളെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ പറയുന്നു. 10 വര്‍ഷം തടവും 42 ദശലക്ഷം ഡോളര്‍ പിഴയയും വിധിക്കപ്പെട്ട നിസാര്‍ സാക്കയെയാണോ ജുഡീഷ്യറി വ്യക്താവ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. യു.എസ്, ബ്രിട്ടന്‍, ഓസ്ട്രിയ, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരെ കഴിഞ്ഞ വര്‍ഷം കസ്റ്റഡിയിലെടുത്തിരുന്നു. ചാരവൃത്തി നടത്തി, ശത്രുരാജ്യങ്ങളുമായി സഹകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

chandrika: