വാഷിങ്ടന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍രാഷ്ട്രങ്ങളുമായി ആണവകരാറില്‍ ഒപ്പിട്ട ഇറാന്റെ നടപടി തകര്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്.
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിലൂടെ ഇറാനെ ഔദ്യോഗികമായി നോട്ടമിട്ടു കഴിഞ്ഞു. യുഎസിന്റെ നേതൃത്വത്തില്‍ അവരുമായുണ്ടാക്കിയ കരാറിനോട് നന്ദികാണിക്കേണ്ടിയിരുന്നു, ട്രംപ് ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചത്. ഇസ്രയേലിലും സമീപത്തെ യുഎസ് താവളങ്ങളിലും വരെ എത്താന്‍ കഴിയുന്ന മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെന്നാണ് യുഎസ് നിലപാട്. 2015ല്‍ വന്‍രാഷ്ട്രങ്ങളുമായി ഏര്‍പ്പെട്ട ആണവകരാറിന്റെ ലംഘനമാണിതെന്നും യുഎസ് പറഞ്ഞു. എന്നാല്‍ ഈ വാദം ഇറാന്‍ തള്ളി.
ഇറാന്‍ അടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ ലോകത്താകെ പ്രതിഷേധം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ തര്‍ക്കത്തിലെത്തിയത്.
അതേസമയം, പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് പരീക്ഷണം നടത്തിയതെന്ന് ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദെഹ്ഖാന്‍ വ്യക്തമാക്കി.
നേരത്തെ ട്രംപിന്റെ കുടിയേറ്റക്കാരെ വിലക്കിയ ഉത്തരവിനെതിരെ ഇറാന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലോകത്ത് അനുഭവ സമ്പത്തില്ലാത്തയാളാണ് ട്രംപെന്നണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞത്.
ഇറാന്റെ മിസൈല്‍ പദ്ധതിക്ക് അന്ത്യമിടുമെന്ന് തിരഞ്ഞെടുപ്പുകാലത്തു ട്രംപ് പ്രഖ്യാപിച്ചിരുന്നു. കരാര്‍ നിലവില്‍ വന്നശേഷം ഇറാന്‍ പലവട്ടം വിക്ഷേപണം നടത്തിയിട്ടുണ്ടെങ്കിലും യുഎസില്‍ ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിക്ഷേപണമാണിത്.