തെഹ്‌റാന്‍: ഇറാന്‍-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട പതിനായിരങ്ങള്‍ കൊടുംതണുണിപ്പിലും താല്‍ക്കാലിക തമ്പുകളില്‍ അന്തിയുറങ്ങുന്നു. 70,000ത്തോളം പേരാണ് വീടുകള്‍ തകര്‍ന്ന് കഷ്ടത അനുഭവിക്കുന്നത്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സാര്‍പോളെ സാഹബില്‍ സന്ദര്‍ശനം നടത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുപ്പതിനായിരം പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇവര്‍ക്ക് അതുവരെ അഭയം നല്‍കാന്‍ ഭരണകൂടം പ്രയാസപ്പെടേണ്ടിവരും. ഗ്രാമപ്രദേശങ്ങളില്‍ 11,000 വീടുകളും നഗരങ്ങളില്‍ 4500 വീടുകളുമാണ് തകര്‍ന്നത്. ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇറാനിലെ കെര്‍മന്‍ഷാ പ്രവിശ്യയില്‍ 450ലേറെ പേര്‍ മരിക്കുകയും ഏഴായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇറാഖില്‍ ഏഴുപേരാണ് മരിച്ചത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില 12 ഡിഗ്രി സെല്‍ഷ്യസായി താഴുമെന്ന കാലാവസ്ഥ പ്രവചനം ഭൂകമ്പ ബാധിതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തകരാതെ അവശേഷിക്കുന്ന വീടുകളിലേക്കും, തുടര്‍പ്രകമ്പനങ്ങള്‍ കാരണം ആളുകള്‍ തിരിച്ചുപോകാന്‍ മടിക്കുകയാണ്.
വന്‍ഭൂകമ്പത്തിനുശേഷം കെര്‍മന്‍ഷായില്‍ 230ലേറെ തുടര്‍ പ്രകമ്പനങ്ങളുണ്ടായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ തമ്പുകളും പുതപ്പുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും സഹായം എല്ലാവരിലും എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന്റെ റോഡുകള്‍ തകര്‍ന്നതു കാരണം രക്ഷാപ്രവര്‍ത്തകര്‍ വിദൂര സ്ഥലങ്ങളിലെത്താന്‍ പ്രയാസപ്പെടുകയാണ്. വൈദ്യുതി വിതരണവും ജല വിതരണവും 70 ശതമാനത്തോളം പുനസ്ഥാപിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാനായി നൂറുകണക്കിന് ആളുകളാണ് ആസ്പത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
- 7 years ago
chandrika
Categories:
Video Stories