തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇറാന്‍. അമേരിക്കയില്‍ നിന്നുള്ള ഗുസ്തി സംഘത്തിന് ഇറാനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിസ നിഷേധിച്ചാണ് ഇറാന്റെ പ്രതികാര നടപടി. ഈ മാസം 16-17 തിയതികളില്‍ പടിഞ്ഞാറന്‍ ഇറാനിലാണ് അന്താരാഷ്ട്ര തലത്തിലുള്ള ഗുസ്തി മത്സരങ്ങള്‍ നടക്കുന്നത്. ട്രംപിന്റെ പുതിയ വിസാ നയമാണ് ഞങ്ങളെ ഇങ്ങനെയൊരു നടപടിക്ക്
പ്രേരിപ്പിച്ചതെന്ന് ഇറാന്‍ വക്താവ് ബഹ്‌റാം ഗസെമി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ചയാണ് ഇറാന്‍ ഉള്‍പ്പെടെയുള്ള ഏഴ് മുസ് ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 120 ദിവസത്തേക്ക് വിസ നിരോധനമെന്ന നയവുമായി ട്രംപ് രംഗത്തിറങ്ങിയത്. ഉത്തരവിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരവിന് അമേരിക്കന്‍ ഡിസ്ട്രിക്ട് കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ട്രംപ് ക്യാമ്പ് വ്യക്തമാക്കുന്നത്.
അതേസമയം അമേരിക്കയുടെ അഭ്യര്‍ത്ഥന തള്ളി ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചിരുന്നു. ഇതിന് ഉപരോധമുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം. പിന്നാലെയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്ന നടപടി വീണ്ടും ഇറാനില്‍ നിന്നുണ്ടാവുന്നത്.