തെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധത്തിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വരാനിരിക്കെ ഇറാന്‍ കറന്‍സിക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. യു.എസ് ഡോളറിന് ഒരുലക്ഷത്തിന് മുകളിലാണ് ഇറാന്‍ റിയാലിന്റെ വ്യാപാര മൂല്യം. ഞായറാഴ്ച ഡോളറിന് 111,500 ആയിരുന്നു ഇറാന്‍ റിയാലിന്റെ വിപണന മൂല്യം. ആഗസ്ത് ഏഴിന് ഇറാനെതിരെയുള്ള ആദ്യഘട്ട ഉപരോധം നിലവില്‍വരുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ മുതലാണ് ഇറാന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച ആരംഭിച്ചത്. അമേരിക്കന്‍ ഉപരോധ ഭീഷണികളും ആഭ്യന്തര സാമ്പത്തിക തകര്‍ച്ചയും ഇറാന്‍ റിയാലിനെ തളര്‍ത്തുകയായിരുന്നു. വന്‍ പ്രതിസന്ധി മുന്നില്‍കണ്ട് ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ തിടുക്കം കൂട്ടിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. നവംബര്‍ നാല് മുതല്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് അമേരിക്ക വിദേശ രാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉപരോധം ലംഘിച്ച് എണ്ണ വ്യാപാരം തുടരുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യു.എസ് ട്രഷറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.