X

ഇറാനെതിരെയുള്ള ഉപരോധം: യൂറോപ്യന്‍ ആവശ്യം യു.എസ് തള്ളി

 

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍നിന്ന് യൂറോപ്യന്‍ കമ്പനികളെ മാറ്റിനിര്‍ത്തണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം അമേരിക്ക തള്ളി. ഇറാനുമേല്‍ സമ്മര്‍ദ്ദം പരമാവധി ശക്തമാക്കേണ്ടതുകൊണ്ട് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഗുണം ചെയ്യുമെങ്കില്‍ മാത്രമേ ഇളവുകള്‍ നല്‍കാനാവൂ എന്നും കത്തില്‍ പറയുന്നു. ആണവായുധ കരാറില്‍നിന്ന് പിന്മാറിയ ശേഷം ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങള്‍ കോടിക്കണക്കിന് ഡോളറിന്റെ വ്യാപാര കരാറുകള്‍ക്ക് തുരങ്കം വെക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഭയക്കുന്നു. ഇറാനുമായുള്ള ആണവ കരാറിന്റെ കാര്യത്തില്‍ അമേരിക്കയും പാശ്ചാത്യ സഖ്യരാജ്യങ്ങളും രണ്ടു തട്ടിലാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കരാര്‍ റദ്ദാക്കിയപ്പോള്‍ ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും വ്യവസ്ഥകളില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ആണവ കരാര്‍ പ്രാബല്യത്തില്‍ വന്ന ഉടന്‍ തന്നെ യൂറോപ്പിലെ ചില വന്‍കിട കമ്പനികള്‍ ഇറാനുമായി വ്യാപാര കരാറുണ്ടാക്കിയിരുന്നു. 2017ല്‍ മാത്രം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറാനിലേക്ക് 12.9 ശതകോടിയുടെ കയറ്റുമതിയാണ് നടന്നത്. യൂറോപ്പില്‍ ഇറാനില്‍നിന്നുള്ള ഇറക്കുമതിയും ഗണ്യമായി വര്‍ധിച്ചു. ഇറാനുമായി ഇടപാട് തുടര്‍ന്നാല്‍ അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധത്തില്‍ ഉലച്ചില്‍ തട്ടുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയക്കുന്നു. ഇറാനുമായി വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്ര കമ്പനികളെയും ഉപരോധത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന രൂപത്തിലാണ് യു.എസ് നീക്കം.

chandrika: