ട്രംപിന്റെ മുസ്‌ലിം വിരുദ്ധത: അമേരിക്കന്‍ പൗരന്മാരെ വിലക്കി ഇറാന്‍
തെഹ്‌റാന്‍: ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് ഇറാന്റെ മറുപടി. അമേരിക്കന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രംപിന്റെ നടപടി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കുമെന്ന് ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന ട്രംപിന്റെ നിലപാട് ലോകജനതയോടുള്ള വെല്ലുവിളിയാണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ തീരുമാനത്തോടെ സിറിയ, ഇറാഖ്, ലിബിയ, സുഡാന്‍, സൊമാലിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം സാധ്യമാകില്ല. ട്രംപിന്റെ തീരുമാനം മുസ്‌ലിം ജനതയെ ഒന്നാകെ അപമാനിക്കുന്ന തരത്തിലാണ്. ഇത് അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ഹസന്‍ റൂഹാനി നേരത്തെ രംഗത്തുവന്നിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതില്‍ തീര്‍ക്കേണ്ട കാലത്തല്ല നമ്മള്‍ ജീവിക്കുന്നത്. ബെര്‍ലിന്‍ മതില്‍ വരെ തകര്‍ക്കപ്പെട്ടിരിക്കുന്ന കാലമാണിതെന്നും ഹസന്‍ റൂഹാനി പറഞ്ഞു.
- 8 years ago
chandrika