X

ലബനാന്‍: കൊമ്പുകോര്‍ത്ത് സഊദിയും ഇറാനും

റിയാദ്: ഇറാന്റെ ആശീര്‍ വാദത്തോടെ ഹിസ്ബുല്ലയുടെ കടന്നാക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ലബനീസ് ഭരണകൂടം തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സഊദി അറേബ്യ. രാജ്യത്തിനെതിരെ ഭീകരവാദികള്‍ നടത്തുന്ന നീക്കങ്ങളിലെല്ലാം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന് ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള സഊദി മന്ത്രി സാമിര്‍ അല്‍ സുബ്ഹാന്‍ പറഞ്ഞു.
ഹിസ്ബുല്ലയുമായുള്ള കൂട്ടുകെട്ടാണോ വേണ്ടത് സമാധാനമാണോ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ലബനാന്‍കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ ലബനാനെതിരെ സഊദി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഹിസ്ബുല്ലയും ഇറാനും ചേര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വിതക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹരീരിയുടെ രാജി പ്രഖ്യാപനം. ലബനാന്‍ കേന്ദ്രീകരിച്ച് സഊദിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനും പുതിയ സംഘര്‍ഷത്തിന് വാതില്‍ തുറന്നിരിക്കുകയാണ്. സഊദിയുടെ ആരോപണത്തോട് ലബനാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സഊദിയുടെ ദീര്‍ഘകാല സുഹൃത്തും സുന്നി നേതാവുമായ ഹരീരി റിയാദില്‍ വെച്ചാണ് രാജി പ്രഖ്യാപിച്ചത്. ഹിസ്ബുല്ലക്ക് സ്വാധീനമുള്ള ലബനാനിലെ സഖ്യഭരണകൂടം ഹരീരിയുടെ രാജിയോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ലബനാന്‍ ഇപ്പോള്‍ ഇറാന്‍ അനുകൂലികളും സഊദി അനുകൂലികളുമായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ വിദഗ്ധനായ ഖല്‍ദൂന്‍ ശരീഫ് പറഞ്ഞു. ഹരീരി സഊദിയിലായതിനാല്‍ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഭരണഘടനാപരമായ നടപടികളാണ് ലബനാന്‍ ഭരണകൂടം ആലോചിക്കുന്നത്. ഹരീരി തിരിച്ചെത്തുന്നതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് നീതിന്യായ മന്ത്രി സാലിം ജറീസാത്തി പറഞ്ഞു.
ഹിസ്ബുല്ലയില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് രാജിക്ക് കാരണമായി ഹരീരി പറഞ്ഞത്. പാര്‍ലമെന്റിലും ഭരണകൂടത്തിലും സായുധ വിഭാഗത്തിലും സ്വാധീനമുള്ള ഹിസ്ബുല്ല രാഷ്ട്രത്തിനകത്ത് രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലബനാനില്‍ അരക്ഷിതാവസ്ഥയും നാശവും വിതക്കുന്നത് ഇറാനാണെന്നും ഹരീരി പറയുന്നു.

chandrika: