തെഹ്‌റാന്‍: കൊടുംവരള്‍ച്ചയിലേക്ക് തള്ളിയിടുന്നതിന് ഇസ്രാഈല്‍ മഴമേഘങ്ങളെ തട്ടിയെടുക്കുന്നതായി ഇറാന്‍. തുടര്‍ച്ചയായ വരള്‍ച്ചക്കും കാലാവസ്ഥ വ്യതിയാനത്തിനും ഇറാന്‍ മേഘങ്ങള്‍ തട്ടിയെടുക്കുന്നതാണെന്ന് ഇറാന്‍ പ്രതിരോധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഗുലാം റസാ ജലാലി പറഞ്ഞു.
രാജ്യത്തെ കാലാവസ്ഥാ മാറ്റം സംശയാസ്പദമായ നിലയിലാണ്. മറ്റു രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇസ്രാഈല്‍ കാലാവസ്ഥയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങള്‍ ഇത് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലേക്ക് മഴമേഘങ്ങള്‍ എത്താതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണ് ഇസ്രാഈല്‍.
അയല്‍രാജ്യമായ അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെ മഞ്ഞു മൂടുമ്പോള്‍ തൊട്ടടുത്ത് അതേ നിരപ്പിലുള്ള ഇറാനില്‍ അത് സംഭവിക്കാത്തതിന്റെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ ഇക്കാര്യം ഇറാന്‍ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം തള്ളി. ഒരു രാജ്യത്തിന് മറ്റൊരു രാഷ്ട്രത്തിന്റെ മേഘങ്ങളെ തടയാനാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ആഗോളതലത്തില്‍ വരള്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഇറാനിലേതുമെന്ന് കാലാവസ്ഥാ വിഭാഗം മേധാവി പറഞ്ഞു.