മമ്മുട്ടി അഞ്ചുകുന്ന്
യാദൃശ്ചികമായാണ് റബീഉല്‍ അവ്വലിന്റെ വസന്തോദയവും വിശ്വ മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനവും ഇത്തവണ ഒരുമിച്ചു വന്നത്. തിരുദൂതര്‍ (സ) യുടെ ജീവിതവും സന്ദേശവും ഇഖ്ബാലിലൂടെ മനോഹരമായി പെയ്തിറങ്ങി. മദീന നഗരിയും പ്രവാചക സന്നിധിയും വരികളിലൂടെ ആ മഹാപ്രതിഭ പുനര്‍നിര്‍മ്മിച്ചു.
ഇഖ്ബാലിനോളം കൊണ്ടാടപ്പെട്ടൊരു കവി ആധുനിക ഇസ്ലാമിക ലോകത്ത് വേറെയില്ല, ഒപ്പം പ്രവാചക ജീവിതത്തോളം കൊണ്ടാടപ്പെട്ടൊരു വിഷയം ഇഖ്ബാല്‍ കവിതകളില്‍ മറ്റൊന്നുമില്ല, പ്രപഞ്ചനാഥനും തിരുദൂതരും ഖുര്‍ആനും ഇഖ്ബാല്‍ കവിതകളില്‍ നിറഞ്ഞു നിന്നു.
ജീവിതത്തില്‍ മദീനയുടെ മണ്ണ് കൊണ്ട് സുറുമയിട്ട ഇഖ്ബാല്‍ അനേകം തവണ ആത്മാവിനാല്‍ മദീനാ യാത്ര നടത്തി. ഒട്ടക സംഘങ്ങളുടെ കൂടെ മരുഭൂമി താണ്ടിയ കഥകള്‍ പാടിയും പറഞ്ഞും പച്ചകുബ്ബയിലേക്ക് വീശിയ ഇളം കാറ്റിന് ചരിത്രത്തില്‍ സാമ്യതയില്ല തന്നെ.
വിശ്വ മഹാ കവി എന്നതിനേക്കാള്‍ ഇഖ്ബാലിലെ പ്രവാചക പ്രേമിയെയാണ് മലയാളികളായ നമുക്ക് പരിചയം. പ്രവാചക പ്രേമവും മദീന സ്മരണയും ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ ജീവിതത്തില്‍ എന്നും നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ കവിതകളില്‍ ഇവയുടെ സാന്നിധ്യം പ്രകടമാണ്. ‘മദീന’ എന്ന നാമം കേട്ടാല്‍ പോലും കണ്ണുനീര്‍ ചാലിട്ടൊഴുകും വിധം ആ വികാരവായ്പ്പ് അദ്ദേഹത്തിന്റെ അവസാന കാലങ്ങളില്‍ അദ്ദേഹത്തെ കീഴടക്കിയിരുന്നുവത്രെ. ശാരീരികമായി മദീനയെ പ്രാപിച്ചിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് ഇഖ്ബാല്‍ മദീനയില്‍ ജീവിച്ചു. അസ്വസ്ഥമായ ആ മനസ്സും ഭാവനയുടെ ചിറകിലേറി തന്റെ കവിത എന്ന കിളിയും ഹിജാസില്‍ പാറിപ്പറന്നു, മദീനയില്‍ കൂടുകെട്ടിപ്പാര്‍ത്തു. അവിടുത്തെ തിരു സന്നിധിയില്‍ സ്‌നേഹോപഹാരങ്ങളായും കഥനങ്ങളായും ആ തൂലിക ഉറവ പൊട്ടിയൊഴുകി, കവിതയുടെ ജീവന്‍, കരുത്ത്, സൗന്ദര്യം എന്നിവയില്‍ ഇഖ്ബാലിന്റെ പ്രവാചക സംബന്ധിയായ കവിതകള്‍ ഏറെ മുന്നില്‍ നിന്നു.
മദീനയിലേക്ക് ഇഖ്ബാല്‍ അനേകം തവണ കാല്‍പ്പനിക യാത്ര ചെയ്തു. അടങ്ങാത്ത അഭിനിവേഷവുമായി ഇഖ്ബാലിന്റെ ഹൃദയവും ദൂരങ്ങള്‍ താണ്ടി.
60 വയസ്സ് കഴിഞ്ഞ ഇഖ്ബാല്‍ വേഗത കൂട്ടിയ ഒറ്റകത്തോട് മെല്ലെപ്പോകാന്‍ ആഭ്യര്‍ത്ഥിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന മണലില്‍ സുജൂദില്‍ വീഴുവാന്‍ സഹയാത്രികരെ ഇഖ്ബാല്‍ പ്രേരിപ്പിക്കുന്നു. ഇറാഖിയുടെയും, ജാമിയുടെയും കവിതകള്‍ പാടി ഇഖ്ബാല്‍ മദീനയിലേക്ക് സഞ്ചരിക്കുന്നു.
നിദ്രാവിഹീന രാവുകളും, കടുത്ത പകലുകളും താണ്ടി ക്ഷീണിച്ചത് രസചരടു മുറിച്ചില്ല, ഈ യാത്ര അവസാനിക്കാതിരിക്കാന്‍ അദ്ദേഹം കൊതിച്ചു. കാത്തിരിപ്പിന്റെ വിനാഴികകള്‍ നീളട്ടെ, ആ ആസ്വാദനം വേണ്ടുവോളം പാനം ചെയ്യട്ടെ. ഒട്ടകക്കാരാ ‘ ഇതിലും ദൂരം കൂടിയ മാര്‍ഗ്ഗം മദീനായിലേക്കുണ്ടെങ്കില്‍ ആ വഴി തിരിച്ചു വിടൂ…. വിരഹത്തിന്റെ അഗ്‌നി കത്തിപ്പടരട്ടെ.
നീണ്ട യാത്രക്ക് ശേഷം ഇഖ്ബാല്‍ മദീനയിലെത്തി, ‘വരിക കൂട്ടുകാരാ…നാം ഒന്നിച്ചു കരഞ്ഞീടുക, ഒരേ സൗന്ദര്യ സൗവര്‍ണ്ണ ദീപ്തി തന്‍ കാമുകര്‍ നാം, ഹൃത്തില്‍ ഒളിച്ചതെല്ലാം പ്രവഹിക്കട്ടെ, കണ്ണീരിനാല്‍ അവിടുത്തെ പാദങ്ങള്‍ തുടച്ചീടട്ടെ,
അവിടുത്തെ സാന്നിധിയിലെത്തി സ്വലാത്തും സലാമും അര്‍പ്പിക്കുന്നു, മുസ്ലിംകളുടെ സാമൂഹികാവസ്ഥ അവിടുത്തെ മുന്നില്‍ വിവരിക്കുന്നു, അവരുടെ പ്രതിസന്ധികള്‍, ഭൗതികതയും ആധുനികതയും വിരിച്ച വലകള്‍, അസ്തിത്വത്തെ വിസ്മരിച്ച മുസ്്‌ലിം, ആവലാതികളുടെ ഭാണ്ഡം അഴിയുന്നു.. ഈ ഫഖീറുകള്‍ മസ്ജിദില്‍ അണി ചേര്‍ന്ന കാലം, അവര്‍ തകര്‍ത്തു രാജാക്കളുടെ മുതുക്, അവരുടെ ഹ്രദയാഗ്‌നി അണഞ്ഞപ്പോഴോ..
അവര്‍ അഭയം തേടി ദര്‍ഗകളില്‍’. ‘മറ്റാരെയുമല്ല ഞങ്ങളെ തന്നെ കുറ്റപ്പെടുത്തുന്നു ഞാന്‍, നിന്റെ അനുഗ്രഹത്തിനയോഗ്യരാണീ ഞങ്ങള്‍.
മുസ്്‌ലിം ലോകത്തിന്റെ പരിവേദനങ്ങള്‍ ഇഖ്ബാല്‍ തിരു സന്നിധിയില്‍ ബോധിപ്പിക്കുന്നു,
വിനായാന്വിതനായി വിശുദ്ധ പ്രവാചകരെ (സ) അഭിസംബോധന ചെയ്ത് കൊണ്ട് ഇഖ്ബാല്‍ മൊഴിയുന്നു..
‘അങ്ങയുടെ ഔദാര്യ മിഴികളാണ് എന്നെ വളര്‍ത്തിയത്. പാണ്ഡിത്യത്തിന്റെ കനപ്പെട്ട ചര്‍ച്ചകള്‍ എന്നെ രോഗിയാക്കുന്നു. അങ്ങയുടെ വാതില്‍ക്കലെ യാചകനാണ് ഞാന്‍, അങ്ങയുടെ തെരുവിലെ വെറുമൊരു ഭിക്ഷക്കാരന്‍, മറ്റുള്ളവരുടെ സന്നിധിയില്‍ പോയി നില്‍ക്കേണ്ട എന്താവശ്യമാണെനിക്കുള്ളത്…? ‘
ഖലീലുള്ളയും കലീമുള്ളയും മൗലാന റൂമിയും ഹിളറും നിറഞ്ഞു നിന്ന കവിതകള്‍ക്ക് മേലോപ്പ് ചാര്‍ത്തിയത് എപ്പോഴും മുഹമ്മദ് മുസ്തഫ(സ)യുടെ ഖാത്തിമിയ്യത്തിന്റെ ആധികാരികത തന്നെ.
ഒരിക്കല്‍ പോലും ബാഹ്യ നയനങ്ങള്‍ കൊണ്ട് മദീന ദര്‍ശിക്കാത്ത, അകക്കണ്ണ് കൊണ്ട് മാത്രം തിരുനഗരിയെ അനുഭവിച്ച ഇഖ്ബാല്‍ പക്ഷെ, മദീനയില്‍ നിന്ന് അകന്ന് ഒരു നിമിഷം പോലും ജീവിച്ചില്ല എന്നത് കാണാനുള്ള കണ്ണ് തന്നെയാണ് ഇഖ്ബാല്‍ കവിതകളിലൂടെയുള്ള സഞ്ചാരത്തില്‍ നിന്ന് നമുക്ക് സ്വാംശീകരിക്കാനുള്ള സന്ദേശം. സമുദായത്തിന് ഊര്‍ജ്ജം പകര്‍ന്ന, ഹൃദയങ്ങളിലേക്ക് നിശ്ചയ ദാര്‍ഢ്യം പകര്‍ന്ന വരികള്‍, പ്രാര്‍ത്ഥനാ നിര്‍ഭരമായ തേട്ടങ്ങള്‍, ആവലാതികള്‍, പരിഹാരങ്ങള്‍, ഓര്‍മ്മകള്‍, ഓര്‍മ്മപ്പെടുത്തലുകള്‍ അങ്ങിനെ…