X

ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിച്ചതോ? ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ മറുപടി

കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം. വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും രചിച്ച് നിവിന്‍ പോളിയെ നായകനാക്കി ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രവുമായി സാമ്യമുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ വിമര്‍ശനങ്ങളോട് ഇഖ്ബാല്‍ കുറ്റിപ്പുറം പ്രതികരിക്കുന്നത് ഇങ്ങനെ:

“രണ്ട് സിനിമകളുടെ അടിസ്ഥാന പ്രമേയം സമാനമാണ് എന്ന വാദം ശരിയാണ്. അതിനര്‍ത്ഥം ജോമോന്റെ സുവിശേഷങ്ങള്‍ ആ ചിത്രം കോപ്പിയടിച്ചതാണ് എന്നല്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്ത സമയത്ത് ഞാന്‍ ജോമോന്റെ സുവിശേഷങ്ങള്‍ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഞങ്ങളുടെ സിനിമ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയറ്ററുകളിലെത്തിയത്.

ജേക്കബ് റിലീസ് ചെയ്ത സമയത്ത് ഞാന്‍ വിനീതിനെ കണ്ടിരുന്നു, എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. രണ്ട് ചിത്രങ്ങളിലെയും പ്രമേയത്തിലെ സമാനതയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുകയാണ് വിനീത് ചെയ്തത്. രണ്ടും രണ്ട് സിനിമകളാണ്. അതിനുമപ്പുറം ഏത് കുടുംബത്തിലും സംഭവിക്കാവുന്ന കഥയുമാണ്.”

ഒരു മാസത്തെ സമരത്തിന് ശേഷമാണ് മലയാള സിനിമ വീണ്ടും കൊട്ടകയിലേക്കെത്തിയത്. ക്രിസ്മസ് റിലീസായാണ് ചിത്രം നിശ്ചയിച്ചിരുന്നത്. അതേസമയം മികച്ച കളക്ഷനുമായി ജോമോന്റെ സുവിശേഷം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശം തുടരുകയാണ്. മുകേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

chandrika: