ജുബൈല്‍: ഇഖാമ കാലാവധി കഴിഞ്ഞ ജുബൈലിലെ പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസിയും ജുബൈല്‍ ലേബര്‍ ഓഫിസും. കോവിഡ്കാലത്തിനു മുമ്ബ് നിലനിന്ന നടപടിക്രമങ്ങളാണ് എംബസി, ലേബര്‍ ഒാഫിസ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി പുനരാരംഭിക്കുന്നത്.
ഇഖാമ കാലാവധി കഴിഞ്ഞാല്‍ എംബസിയുടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിക്കുംവരെ കാത്തിരിക്കണമായിരുന്നു. ഇത് പ്രവാസികള്‍ക്ക് ഏറെ പ്രയാസവും കാലതാമസവും സൃഷ്ടിക്കുന്നതായി എംബസിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞയാഴ്ച ജുബൈലില്‍ എത്തിയ എംബസി വെല്‍ഫെയര്‍ വിങ് കോണ്‍സല്‍ ഡി.ബി. ഭട്ടി, സഹ ഉദ്യോഗസ്ഥന് ഗാംഭീര്‍, പരിഭാഷകന് മുബീന്, സന്നദ്ധപ്രവര്ത്തകന് സൈഫുദ്ദീന് പൊറ്റശ്ശേരി എന്നിവരും ലേബര്‍ ഓഫിസര്‍ മുത്വലഖ് ഖഹ്ത്വാനി, പ്രശ്നപരിഹാര വിഭാഗം ഓഫിസര്‍ ഹസന് ഹംബൂബ, ഫൈനല്‍ എക്സിറ്റ് വിഭാഗം ഓഫിസര്‍ മുഹമ്മദ് ഖുവൈലിദി എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അനുകൂല തീരുമാനം.
തൊഴില്‍ വകുപ്പിെന്റ നിശ്ചിത ഫോറം പൂരിപ്പിച്ച് എംബസിയുടെ സീല്‍ ചെയ്യാതെ തന്നെ ലേബര്‍ ഓഫിസില്‍ സമര്‍പ്പിച്ചാല്‍ മതിയാവും. നാട്ടില്‍ പോകാന്‍ താല്പര്യമുള്ള ഇഖാമ കാലാവധി കഴിഞ്ഞ ജുബൈല്‍ നിവാസികള്‍ സൈഫുദ്ദീന് പൊറ്റശ്ശേരിയെ (0538347917) ബന്ധപ്പെടാം.