X

സസ്‌പെന്‍ഷന്‍: സര്‍ക്കാറിന് എതിരെ നിയമയുദ്ധ സാധ്യത തേടി ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഡി.ജി.പി ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. രണ്ട് വര്‍ഷവും നാല് മാസവും സര്‍വീസ് ബാക്കിയുള്ള ജേക്കബ് തോമസ് നിര്‍ബന്ധിത വിരമിക്കലിനെ കുറിച്ച് അടുത്ത ചില സുഹൃത്തുക്കളോട് അഭിപ്രായം തേടിയിരുന്നു. എന്നാല്‍ കുറ്റം സമ്മതിക്കുന്നതിന് തുല്യമാണ് വിരമിക്കലെന്ന സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമയുദ്ധത്തിന് തയ്യാറെടുക്കുന്നത്. ഉടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും.

സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ജേക്കബ് തോമസിന് കടുത്ത അമര്‍ഷമാണുള്ളത്. സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പിന്നില്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണെന്നും ജേക്കബ് തോമസ് കരുതുന്നു. സംസ്ഥാനത്തെ നിയമവ്യവസ്ഥ തകര്‍ന്നുവെന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരം ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നും പ്രസംഗത്തില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും കാട്ടി ട്രിബ്യൂണലിനെ സമീപിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനം.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയും സര്‍വീസ് ചട്ടലംഘനമാണെന്ന പേരില്‍ വകുപ്പ് തല നടപടിയും ജേക്കബ് തോമസിനെതിരെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് കെ.എം എബ്രഹാമിനെതിരെ സ്വീകരിച്ച നടപടികളാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് കാരണമെന്നാണ് ജേക്കബ് തോമസിന്റെ പക്ഷം.

chandrika: