X

IPL: ടൈറ്റന്‍സ് കയറി…. 04 ല്‍ 03 ബാക്കി

ലക്‌നൗ: പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം. ഇന്നലെ ഹൈദരാബാദിനെ തകര്‍ത്ത് ചാമ്പ്യന്മാരായ ഗുജറാത്ത് ഒന്നാമത് വന്നിരിക്കന്നു. ബാക്കി സ്ഥാനങ്ങള്‍ അപ്രവചനീയം. 12 മല്‍സരങ്ങളില്‍ എട്ടിലും തോറ്റ ഡല്‍ഹി ക്യാപിറ്റസും ഹൈദരാബാദുമാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തായിരിക്കുന്നത്. മറ്റെല്ലാവര്‍ക്കും സാധ്യത നിലനില്‍ക്കുന്നു. 13 കളികള്‍ പൂര്‍ത്തിയാക്കിയവരില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് പേടിക്കാനില്ല. 18 പോയിന്റാണ് അവരുടെ സമ്പാദ്യം.

13 മല്‍സരങ്ങളില്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുളളവര്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ഒരു മല്‍സരം ശേഷിക്കുമ്പോള്‍ അതില്‍ ജയിച്ചാല്‍ നാലിലൊന്ന് ഉറപ്പ്. മൂന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സാണ്. 12 മല്‍സരങ്ങളില്‍ 14 പോയിന്റ്. ഇന്ന് മുംബൈ പതിമൂന്നാമത് മല്‍സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കളിക്കുന്നു. ലക്‌നൗവിലെ ഈ അങ്കത്തില്‍ ജയിച്ചാല്‍ മുംബൈക്ക് 16 പോയിന്റാവും. പ്ലേ ഓഫ് കളിക്കാനാവും. 12 കളികളില്‍ 13 പോയിന്റാണ് ലക്‌നൗ നേടിയിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ അവരുടെ സമ്പാദ്യം 15 ലെത്തും. അപ്പോള്‍ അവര്‍ക്കും സാധ്യത കൈവരും. അഞ്ചാമതുള്ളവര്‍ ഫാഫ് ഡുപ്ലസിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സാണ്. രണ്ട് കളികള്‍ ശേഷിക്കുമ്പോള്‍ അവര്‍ക്ക് വളരെ വ്യക്തമായ സാധ്യതയുണ്ട്. രണ്ട് കളികളും ജയിക്കണമെന്ന് മാത്രം.
അങ്ങനെ വരുമ്പോള്‍ സമ്പാദ്യം 16 ലെത്തും.

ആറാം സ്ഥാനത്ത് നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന് ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. നിലവില്‍ 12 ല്‍ നില്‍ക്കുന്ന അവര്‍ക്ക്് അവസാന മല്‍സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചാലും മറ്റ് മല്‍സര ഫലങ്ങളെ കാത്തിരിക്കേണ്ടി വരും. ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പതിമൂന്ന് മല്‍സരങ്ങളില്‍ നിന്നായി 12 പോയിന്റാണ് അവര്‍ക്ക്. അവസാന മല്‍സരത്തില്‍ ജയിക്കാനായാല്‍ കൊല്‍ക്കത്തക്കും നെഞ്ചിടിപ്പോടെ കാത്തിരിക്കാം. എട്ടാമതാണ് പഞ്ചാബ് കിംഗ്‌സ്. രണ്ട് കളികള്‍ ശേഷിക്കുന്നു. രണ്ടിലും ജയിച്ചാല്‍ പഞ്ചാബ് 16 ലെത്തും. വ്യക്തമായ സാധ്യത കൈവരും. ഇന്നലെ നടന്ന മല്‍സരത്തില്‍ 34 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്ത് 188 റണ്‍സ് നേടി. ഹൈദരാബാദ് 154 ല്‍ ഒതുങ്ങി. 58 പന്തില്‍ 101 റണ്‍സാണ് ഗില്‍ നേടിയത്. ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി. 30 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിന് ഹൈദരാബാദിനെ രക്ഷിക്കാനായില്ല. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷമിയുടെ കിടിലന്‍ പേസില്‍ ഹൈദരാബാദ് ബാറ്റിംഗ് തകര്‍ന്നു. 21 റണ്‍സ് മാത്രം നല്‍കി മുന്‍നിരയിലെ നാല് വിക്കറ്റ് നേടി. ഹെന്‍ട്രിച്ച് കാള്‍സണ്‍ (64) മാത്രമാണ് പൊരുതിയത്. നായകന്‍ ഐദന്‍ മാര്‍ക്ക്‌റാം പത്ത് റണ്‍സിന് പുറത്തായി. തോല്‍വിയോടെ ഹൈദരാബാദിന്റെ അവശേഷിക്കുന്ന എല്ലാ സാധ്യതകളും അവസാനിച്ചു. ഡല്‍ഹിക്കൊപ്പം അവരും പുറത്തായി.

ബാക്കി മല്‍സരങ്ങള്‍

ഇന്ന് ലക്‌നൗ-മുംബൈ
ബുധന്‍-: പഞ്ചാബ്-ഡല്‍ഹി
വ്യാഴം-ഹൈദരാബാദ്-ബെംഗളുരു
വെള്ളി-പഞ്ചാബ്-രാജസ്ഥാന്‍
ശനി-ഡല്‍ഹി-ചെന്നൈ, കൊല്‍ക്കത്ത-ലക്‌നൗ
ഞായര്‍-മുംബൈ-ഹൈദരാബാദ്,ബെംഗളുരു-ഗുജറാത്ത്

webdesk11: