ജയ്പ്പൂര്‍: ഒന്നാം സ്ഥാനത്തായിരുന്നു രണ്ട് നാള്‍ മുമ്പ് വരെ രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ സജ്ഞുവും കൂട്ടരും സമ്പാദിച്ചിരിക്കുന്നത് എട്ട് പോയിന്റ്. ഇന്ന് എട്ടാമത് മല്‍സരം. സ്വന്തം വേദിയില്‍ പ്രതിയോഗികള്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയിക്കാനും അത് പോലെ സുന്ദരമായി തോല്‍ക്കാനുമറിയുന്നവരായിരിക്കുന്നു രാജസ്ഥാന്‍. പേര് കേട്ട ബാറ്റര്‍മാരുണ്ട്. പക്ഷേ ആരും വിശ്വസ്തരല്ല. ജോസ് ബട്ലര്‍, യശ്സവി ജയ്സ്വാള്‍, സജ്ഞു സംസണ്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവരെല്ലാം കുട്ടി ക്രിക്കറ്റിലെ അതിഗംഭീര പ്രഹരക്കാരാണ്. പക്ഷേ എല്ലാവരും എല്ലായ്പ്പോഴും തിളങ്ങുന്നില്ല. ഇത് തന്നെയാണ് രാജസ്ഥാന്റെ പ്രശ്നം.
അതേ സമയം മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര്‍ സംഘബലമാണ്. അജിങ്ക്യ രഹാനേ വരെ മിന്നി കളിക്കുമ്പോള്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാണ്. ഏഴ് മല്‍സരങ്ങളില്‍ അഞ്ചില്‍ ജയിച്ച സി.എസ്.കെ രണ്ട് കളികളില്‍ മാത്രമാണ് പരാജയപ്പെട്ടത്. ബാറ്റിംഗില്‍ ഡിവോണ്‍ കോണ്‍വേ, റിഥുരാജ് ഗെയിക്വാദ് എന്നിവര്‍ നല്‍കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ അമ്പാട്ട് റായിഡു, ശിവം ദുബേ, രഹാനേ, ധോണി തുടങ്ങിയവരെല്ലാമുണ്ട്. ബൗളിംഗില്‍ രാജസ്ഥാന്‍ നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും രവിചന്ദ്രന്‍ അശ്വിനും യൂസവേന്ദ്ര ചാഹലുമെല്ലാമുള്ളപ്പോഴും പ്രതിയോഗികള്‍ ധാരാളം റണ്‍സ് നേടുന്നു. ബട്ലര്‍ മങ്ങിയാല്‍ രാജസ്ഥാന്‍ വിയര്‍ക്കുന്നതാണ് കണ്ട് വരുന്ന കാഴ്ച്ചകള്‍. അവസാന മല്‍സരത്തില്‍ ഇംഗ്ലീഷ് നായകന്‍ പൂജ്യനായപ്പോള്‍ സ്‌ക്കോറിംഗിനെ അത് ബാധിച്ചു. ജയ്സ്വാള്‍ ആക്രമിക്കും. പക്ഷേ എപ്പോള്‍ പുറത്താവുമെന്നത് പ്രവചിക്കാനാവാത്ത അവസ്ഥ. സഞ്ജുവിന്റെ വലിയ പ്രശ്നം അസ്ഥിരതയാണ്. വേണ്ടാതെ പുറത്താവും. ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുടക്കം കിട്ടിയിട്ടും പതിവ് പോലെ അദ്ദേഹം വിമര്‍ശകരോട് ചീത്തവാക്കുകള്‍ ചോദിച്ചു വാങ്ങുന്നു. നിലയുറപ്പിക്കേണ്ട ഘട്ടത്തില്‍ പോലും അലക്ഷ്യ ഷോട്ടുകളില്‍ പുറത്താവും. സീസണിലെ ആദ്യ മല്‍സരങ്ങളില്‍ വിശ്വാസ്യത കാത്ത ബാറ്ററായിരുന്നു ഹെത്തിമര്‍.
അവസാന രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹവും പരാജയം. ഒമ്പതാമനായ ജെയ്സണ്‍ ഹോള്‍ഡര്‍ പോലും നന്നായി ബാറ്റ് ചെയ്യുമ്പോള്‍ വിന്‍ഡീസുകാരന് ഇത് വരെ കാര്യമായ ബാറ്റിംഗ് അവസരം ലഭിച്ചിട്ടില്ല. അവസാന മല്‍സരത്തില്‍ അവസാന ഓവറില്‍ കൂറ്റന്‍ ഷോട്ടുകള്‍ ആവശ്യമായ ഘട്ടത്തിലും ടീം അവസരം നല്‍കിയത് സമ്പൂര്‍ണ നിരാശ എപ്പോഴും സമ്മാനിക്കുന്ന റിയാന്‍ പരാഗിനാണ്. ഹോള്‍ഡറെ പോലെയുള്ളവര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. സഞ്ജുവിന്റെ ടീം സെലക്ഷന്‍ തന്നെ പലപ്പോഴും അവതാളത്തിലാവുന്നു. ഇവിടെയാണ് ധോണിയുടെ ക്യാപ്റ്റന്‍സി കൈയ്യടി നേടുന്നത്. അദ്ദേഹം സ്വയം താഴോട്ട് പോയി എല്ലാവര്‍ക്കും അവസരം നല്‍കുന്നു. വൈകീട്ട് 7-30 നാണ് കളി. ഇന്നും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം തന്നെ വെല്ലുവിളിയാവും.