X

IPL: രാജസ്ഥാന്‍ ഇന്ന് ബെംഗളുരുവിനെതിരെ

ജയ്പ്പൂര്‍: സ്വന്തം വേദിയില്‍ ഇത് വരെ പെരുമക്കൊത്ത വിജയം സ്വന്തമാക്കാനായിട്ടില്ല രാജസ്ഥാന്‍ റോയല്‍സിന്. ഇന്നവര്‍ അവിടെ കരുത്തരായ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെ എതിരിടുന്നു. വലിയ സമ്മര്‍ദ്ദത്തില്‍ നടക്കുന്ന മല്‍സരത്തില്‍ തോല്‍വി രണ്ട് ടീമുകള്‍ക്കും ആഘാതമാവും. വൈകീട്ട് 3-30 ന് ആരംഭിക്കുന്ന ഈ അങ്കത്തിന് ശേഷം രാത്രിയിലെ പോരാട്ടത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായും കളിക്കും.

രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്. സഞ്ജു സാംസണും സംഘവും അഞ്ചാമത് നില്‍ക്കുമ്പോള്‍ ഏഴാം സ്ഥാനത്താണ് ഫാഫ് ഡുപ്ലസിയും സംഘവും. രാജസ്ഥാന്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചവരാണ്. ഇന്ന് ജയിക്കാനായാല്‍ അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാവും. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 10 ലാണ് ബെംഗളുരു സംഘം. പ്ലേ ഓഫ് ബെര്‍ത്തിനായി എല്ലാവരും മല്‍സരിക്കുന്ന ഘട്ടത്തില്‍ ഓരോ പോയന്റും നിര്‍ണായകമാണ്. സഞ്ജു ആവര്‍ത്തിക്കുന്നത് ഇക്കാര്യമാണ്. അവസാന മല്‍സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയം രാജസ്ഥാന് നല്‍കുന്നത് വര്‍ധിത ആത്മവിശ്വാസമാണ്. യശ്‌സവി ജയ്‌സ്‌വാള്‍, യൂസവേന്ദ്ര ചാഹല്‍ എന്നിവരുടെ മികവില്‍ കൊല്‍ക്കത്തയെ തകര്‍ത് സംഘത്തിന് അതേ വീര്യത്തില്‍ കളിക്കാനാവണം. പക്ഷേ മികവിനൊത്ത ആധികാരികതയില്‍ ടീം പിറകില്‍ പോവാറുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അഞ്ചില്‍ നാല് വിജയങ്ങളും സ്വന്തമാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവര്‍ പിന്നീട് തുടര്‍ച്ചയായി തോറ്റു. പല തോല്‍വികളും അവസാന പന്തിലുമായിരുന്നു. ജയ്‌സ്‌വാള്‍-ജോസ് ബട്‌ലര്‍ സഖ്യം നല്‍കുന്ന തുടക്കമാണ് ടീമിന് പ്രധാനം. എല്ലാ മല്‍സരങ്ങളിലും ഒന്നുങ്കില്‍ ജയ്‌സ്‌വാളോ, അല്ലെങ്കില്‍ ബട്‌ലറോ മിന്നാറുണ്ട്. കൊല്‍ക്കത്തക്കെതിരെ 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ചരിത്രം രചിച്ച ജയ്‌സ്‌വാളിനെ ഒതുക്കാന്‍ ഇന്ന് ബെംഗളുരുവിന് കഴിയാത്തപക്ഷം രാജസ്ഥാന്‍ വലിയ സ്‌ക്കോറിലേക്ക് പോവും. ബട്‌ലര്‍ അവസാന മല്‍സരത്തില്‍ ജയ്‌സ്‌വാളിന് വേണ്ടി റണ്ണൗട്ടാവുകയായിരുന്നു. അദ്ദേഹവും നിര്‍ണായക മല്‍സരത്തില്‍ വലിയ ഇന്നിംഗ്‌സിന് ശ്രമിക്കും.

സഞ്ജുവും കൊല്‍ക്കത്തക്കെതിരെ തകര്‍ത്തടിച്ചിരുന്നു. ബാറ്റിംഗില്‍ ആശങ്കപ്പെടാനില്ലാത്ത വിധം ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍, രവിചന്ദ്രന്‍ അശ്വിന്‍, ധ്രുവ് ജൂറല്‍ എന്നിവരെല്ലാം ബാറ്റിംഗ് വിലാസമുളളവരാണ്. ജോ റൂട്ടിന് ഇത് വരെ അവസരം കിട്ടിയിട്ടുമില്ല. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട് നല്‍കുന്ന ഞെട്ടിക്കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ ചാഹലിനെ പോലുള്ള അനുഭവ സമ്പന്നരുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി നില്‍ക്കുന്ന ചാഹലിനൊപ്പം അശ്വിനുമാവുമ്പോള്‍ പേടിക്കാനില്ല. ബെംഗളുരു സംഘം പൊട്ടിത്തെറിക്കുന്നവരാണ്. ഫാഫ് ഡുപ്ലസി അപാര ഫോമില്‍ കളിക്കുന്നു. റണ്‍വേട്ടയില്‍ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മുന്‍പന്തിയിലാണ്. വിരാത് കോലിയും ഫോമിലെത്തിയാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ബാറ്റര്‍മാരിലെ അപകടകാരി. ഈ മൂന്ന് പേരെ നിയന്ത്രിക്കാനായാല്‍ വലിയ സ്‌ക്കോറില്‍ നിന്നും ടീമിനെ തടയാനാവും.

 

webdesk11: