അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് കരുത്തരുടെ അങ്കം. ഏറ്റവുമധികം തവണ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയം നിറഞ്ഞ് കവിയുന്ന ജനക്കുട്ടത്തെ സാക്ഷിയാക്കി വൈകീട്ട് 7-30 നാണ് മല്‍സരം ആരംഭിക്കുക. ആറ് മല്‍സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നിലവില്‍ ടൈറ്റന്‍സ് നാലാമതാണ്. മുംബൈയാവട്ടെ ആറ് കളികളില്‍ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തും.
തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ഇടക്കൊന്ന് നിറം മങ്ങിയിരുന്നു ടൈറ്റന്‍സ്. രണ്ട് മല്‍സരങ്ങളില്‍ തിരിച്ചടിയേറ്റു. അതിലൊന്ന് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നായിരുന്നു. ഇന്ന് ജയിക്കാനായാല്‍ സഞ്ജു സാംസണ്‍ സംഘത്തെ പിറകിലാക്കി ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമാവും. അതേ സമയം മുംബൈ ഇന്ത്യന്‍സ് അവസാന മല്‍സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് മുന്നില്‍ തല താഴ്ത്തിയിരുന്നു. വിജയം ഉറപ്പാക്കിയ മല്‍സരത്തില്‍ പഞ്ചാബ് സീമര്‍ അര്‍ഷദീപ് സിംഗിന്റെ അവസാന ഓവറാണ് മുംബൈക്ക് ആഘാതമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുളളവര്‍ ബാറ്റിംഗില്‍ മങ്ങി നില്‍ക്കുന്നതാണ് മുംബൈക്ക് വെല്ലുവിളി.