ചെന്നൈ: തോറ്റാല്‍ പുറത്ത് എന്ന വാള്‍ മുകളില്‍ തൂങ്ങുമ്പോള്‍ ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ എലിമിനേറ്ററില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും മുഖാമുഖം. ചെപ്പോക്കില്‍ വൈകീട്ട് 7-30 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്ക് ക്വാളിയഫയറില്‍ വിജയം നേടി ഫൈനലിലുമെത്താം. പക്ഷേ തോറ്റാല്‍ ബാഗുമായി മടങ്ങാം. ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫ് ബെര്‍ത്ത് സ്വന്തമാക്കിയവരാണ് മുംബൈ. ലക്‌നൗവും അവസാനത്തിലാണ് കസേര ഉറപ്പാക്കിയത്.
സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയിരുന്നു രോഹിത് ശര്‍മയും സംഘവും. പക്ഷേ അവസാനത്തില്‍ സൂര്യകുമാര്‍ യാദവ്, കാമറുണ്‍ ഗ്രീന്‍ തുടങ്ങിയവരുടെ മികവില്‍ ഏത് സ്‌ക്കോറും ചേസ് ചെയ്ത് വിജയിക്കുന്നവരായി മാറിയ മുംബൈക്ക് ബൗളിംഗില്‍ തലവേദനയുണ്ട്. ഇംഗ്ലീഷുകാരന്‍ ജോഫ്രെ ആര്‍ച്ചറെ കോടികള്‍ക്ക് സ്വന്തം കൂടാരത്തിലെത്തിച്ച മുംബൈക്ക് ആ താരത്തിന്റെ സേവനം കിട്ടിയില്ല. പരുക്കില്‍ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയ ശേഷം ക്രിസ് ജോര്‍ദ്ദാന്‍ വന്നുവെങ്കിലും വിശ്വസ്തനല്ല. ജാസോണ്‍ ബെഹറന്‍ഡോഫാണ് ന്യുബോള്‍ ബൗളര്‍. പക്ഷേ മുംബൈയുടെ ചാമ്പ്യന്‍ ബൗളറായി മാറിയിരിക്കുന്നത് പിയുഷ് ചാവ്‌ല എന്ന സീനിയര്‍ സ്പിന്നറാണ്. എല്ലാ മല്‍സരരങ്ങളിലും വിക്കറ്റ് നേടുന്ന ബൗളറായി അദ്ദേഹം പ്രതിയോഗികളില്‍ അങ്കലാപ്പുണ്ടാക്കുന്നു. ഇഷാന്‍ കിഷനും രോഹിതുമാണ് മുംബൈ ഇന്നിംഗ്‌സിന് തുടക്കമിടാറ്. അതില്‍ ഇന്നും മാറ്റമുണ്ടാവില്ല. മധ്യനിരയില്‍ കാമറുണ്‍ ഗ്രീന്‍ എന്ന ഓസ്‌ട്രേലിയക്കാരന്റെ കിടിലന്‍ ഇന്നിംഗ്‌സ് അവസാന മല്‍സരത്തില്‍ കണ്ടതാണ്.
മികച്ച ഫോമിലുള്ള സുര്യകുമാര്‍ യാദവുമാവുമ്പോള്‍ ഏത് സ്‌ക്കോറും പിന്തുടരാന്‍ മുംബൈക്ക് ധൈര്യമുണ്ട്. ബാറ്റിംഗ് തന്നെയാണ് ലക്‌നൗയുടെയും കരുത്ത്. കെ.എല്‍ രാഹുല്‍ പരുക്കില്‍ പുറത്തായ ശേഷം ടീമിനെ നയിക്കുന്ന ക്രുനാല്‍ പാണ്ഡ്യക്ക് ആത്മവിശ്വാസം മധ്യനിരയിലാണ്. മാര്‍ക്കസ് സ്റ്റോനിസും നിക്കോലാസ് പുരാനുമുള്ളപ്പോള്‍ വേഗതയില്‍ പേടിക്കാനില്ല. സ്റ്റോനിസ് അപാര മികവില്‍ കളിക്കുമ്പോള്‍ പുരാന്‍ നല്ല ഫീനിഷറാണ്. കൈല്‍ മേയേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവരാണ് ഇന്നിംഗ്‌സിന് തുടക്കമിടാറ്. ദക്ഷിണാഫ്രിക്കക്കാരനായ ഡികോക്കിന് ഇത് വരെ പതിവ് ഫോമിലേക്ക് എത്താനായിട്ടില്ല. ബൗളിംഗില്‍ രവി ബിഷ്‌ണോയി, യാഷ് താക്കൂര്‍ എന്നിവരുണ്ട്.