ചെന്നൈ: ചെപ്പോക്കില്‍ ഇത് വരെ നടന്ന കളിയായിരിക്കില്ല: ഇനി. ഇന്ന് ഐ.പി.എല്ലില്‍ ആദ്യ പ്ലേ ഓഫ് പോരാട്ടമാണ്. കാണികളുടെ സ്വന്തം ചെന്നൈ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ. ജയിച്ചാല്‍ നേരിട്ട് ഫൈനല്‍ എന്‍ട്രി. തോറ്റാല്‍ ഒരു ചാന്‍സു കുടിയുണ്ടാവും. സീസണിലെ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തീപ്പാറുമെന്നുറപ്പ്.
സ്വന്തം വേദിയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലും ചെന്നൈക്ക് പ്രശ്‌നങ്ങളുണ്ട്. റിഥുരാജ് ഗെയിക്‌വാദും ഡിവോണ്‍ കോണ്‍വേയും നല്‍കുന്ന നല്ല തുടക്കത്തെ പ്രയോജനപ്പെടുത്തുന്നതില്‍ മധ്യനിര പലപ്പോഴും പ്രകടിപ്പിക്കുന്ന ആലസ്യം പ്രശ്‌നമാണ്. അമ്പാട്ട് റായിഡു, അജിങ്ക്യ രഹാനേ, ശിവം ദുബേ എന്നിവരാണ് മധ്യനിരയുടെ കരുത്ത്. ഇവരില്‍ ആരും സ്ഥിരത പ്രകടിപ്പിക്കുന്നില്ല. തമ്മില്‍ ഭേദം ദുബേയാണ്. നായകന്‍ മഹേന്ദ്രസിംഗ് ധോണി നേരത്തെ വരണമെന്നത് ഗ്യാലറിയുടെ ആവശ്യമാണ്.
പക്ഷേ ഇത് വരെയുള്ള മല്‍സരങ്ങളില്‍ അദ്ദേഹം രവിന്ദു ജഡേജയും കഴിഞ്ഞ് ഏഴാമനായോ എട്ടാമനായോ ആണ് വരുന്നത്. പ്ലേ ഓഫില്‍ മഹി നേരത്തെ വന്നാല്‍ ടീമിന് വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ബൗളിംഗില്‍ ദീപക് ചാഹര്‍ പരുക്കില്‍ നിന്ന് മുക്തനായി വന്നപ്പോവും എതിരാളികളെ പേടിപ്പിക്കുന്ന സീമര്‍മാരില്ല. ലസിത് മലിങ്കയെ അനുസ്മരിപ്പിക്കുന്ന യുവ സീമര്‍ മതീഷ പതിരാന, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരായിരുന്നു ചാഹറിന്റെ അഭാവത്തില്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റ്് നോക്കിയിരുന്നത്. അപാര മികവിലാണ് ഗുജറാത്ത് കളിക്കുന്നത്. അവസാന മല്‍സരത്തില്‍ വിജയം അപ്രസക്തമായിട്ടും പ്രതികൂല സാഹചര്യത്തിലും ശുഭ്മാന്‍ ഗില്‍ നടത്തിയ വെടിക്കെട്ട് പ്രകടനത്തില്‍ അവര്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ജയിച്ചു. വൃദ്ധിമാന്‍ സാഹ മാത്രമാണ് അസ്ഥിരക്കാരന്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരെല്ലാം വലിയ സ്‌ക്കോര്‍ നേടാന്‍ മിടുക്കരാണ്. ബൗളിംഗില്‍ ചെന്നൈയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഗുജറാത്ത്. റാഷിദ് ഖാന്റെ സാന്നിദ്ദ്യമാണ് ടീമിന്റെ വലിയ ബൗളിംഗ് ആയുധം. മുഹമ്മദ് ഷമി പവര്‍ പ്ലേ ഘട്ടത്തില്‍ പ്രതിയോഗികള്‍ക്ക് ഭീഷണിയാണ്. മല്‍സരം വൈകീട്ട് 7-30 മുതല്‍.