X

ഐപിഎല്ലിന് നാളെ തുടക്കം; ഉദ്ഘാടന മത്സരം ചെന്നൈയും ബെംഗളൂരുവും തമ്മില്‍

ഐപിഎലിന്റെ 17ആം സീസണ് നാളെ തുടക്കം. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരിക്കുകള്‍ വലയ്ക്കുകയാണ്. ഫൈനല്‍ ഇലവനില്‍ കളിക്കുമെന്നുറപ്പുള്ള പ്രധാന താരങ്ങളില്‍ പലര്‍ക്കും പരിക്കേല്‍ക്കുന്നതാണ് മാനേജ്‌മെന്റിന് തലവേദനയായി മാറുന്നത്. സൂപ്പര്‍ താരങ്ങളായ ഡെവോണ്‍ കോണ്‍വെ, മതീഷ പതിരന, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്കാണ് നിലവില്‍ പരുക്കേറ്റിരിക്കുന്നത്.

ഇവര്‍ ഐപിഎലില്‍ കളിക്കുമോ ഇല്ലയോ എന്നതില്‍ മാനേജ്‌മെന്റ് വ്യക്തത വരുത്തിയിട്ടില്ല. കോണ്‍വെയ്ക്ക് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പതിരന നാലോ അഞ്ചോ ആഴ്ചകളാണ് പുറത്തിരിക്കുക. മുസ്തഫിസുര്‍ റഹ്മാന്റെ പരുക്കിനെപ്പറ്റി കാര്യമായ വ്യക്തതയില്ല.

കോണ്‍വേ കളിക്കില്ലെന്നതിനാല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രചിന്‍ രവീന്ദ്രയാവും ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണ്‍ ചെയ്യുക. മൊയീന്‍ അലി, മഹീഷ് തീക്ഷണ എന്നിവരെക്കൂടാതെ മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരില്‍ ഒരാളും വിദേശ ക്വോട്ടയില്‍ കളിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ പരിക്ക് ഭീഷണി കാര്യമായി ഇല്ല. കാമറൂണ്‍ ഗ്രീന്‍ ടീമിലെത്തിയത് വലിയ നേട്ടമാണ്. ഗ്രീന്‍ മൂന്നോ നാലോ നമ്പറിലാവും കളിക്കുക. ഫാഫ്, മാക്സ്വല്‍ എന്നിവര്‍ക്കൊപ്പം റീസ് ടോപ്ലെ, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, ടോം കറന്‍ എന്നിവരില്‍ ഒരാളാവും വിദേശ ക്വോട്ടയില്‍.

webdesk13: