X
    Categories: Sports

ഐ.പി.എല്‍ ഇന്ന് മുതല്‍

 

മുംബൈ: ചെന്നൈയും മുംബൈയും… അഥവാ മഹിയും രോഹിതും…. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അടി പൊളി പുത്തന്‍ പതിപ്പിന് ഇന്ന് തിരശ്ശീല ഉയരുമ്പോള്‍ അരങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഉന്നതന്മാരുടെ നേതൃത്വത്തില്‍ പരമ്പരാഗത കരുത്തരുടെ ബലാബലം. രാത്രി എട്ട് മുതല്‍ മുംബൈ വാംഖഡെയിലാണ് രണ്ട് മാസം ദീര്‍ഘിക്കുന്ന കുട്ടി ക്രിക്കറ്റ് മേളയുടെ ആദ്യ പോരാട്ടം. വിവാദ വിളനിലത്തില്‍ നിന്നും മോചനം നേടിയാണ് മഹിയും സംഘവും വരുന്നത്. 2015 സീസണിലെ ആ ഫൈനലിന് ശേഷം വിലക്കിന്റെ പിടിയിലായിരുന്നു ടീം. തിരിച്ചുവരവിലെ ആദ്യ മല്‍സരം അവര്‍ കളിക്കാന്‍ ആഗ്രഹിച്ചത് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു. പക്ഷേ മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ കളിക്കാനായിരുന്നു വിധി. രണ്ട് ടീമിലും കളിക്കുന്നത് ലോക ക്രിക്കറ്റിന് സുപരിചിതരായ താരങ്ങള്‍. ദീര്‍ഘകാലം മുംബൈക്ക് കളിച്ച രണ്ട് പേര്‍ ഹര്‍ഭജന്‍ സിംഗും അമ്പാട്ട് റായിഡവും പുതിയ സീസണില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലാണ് ഇറങ്ങുന്നത്. ചെന്നൈ സംഘത്തിലെ പ്രമുഖനായ ദക്ഷിണാഫ്രിക്കന്‍ നായന്‍ ഫാന്‍ ഡുപ്ലസി ഇന്ന് കളിക്കുന്നില്ലെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് അറിയിച്ചു.
നായകന്‍ രോഹിത്, ഇവാന്‍ ലൂയിസ്, കിരണ്‍ പൊലാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയവരാണ് മുംബൈയുടെ ബാറ്റിംഗ് കരുത്ത്. ഓള്‍റൗണ്ടര്‍ ഗണത്തിലുളള പൊലാര്‍ഡും ഹാര്‍ദ്ദിക്കുമാണ് നട്ടെല്ലുകള്‍. ബൗളിംഗിനെ നയിക്കുന്നത് ജസ്പ്രീത് ബുറയും മുസ്താഫിസുര്‍ റഹ്മാനുമാണ്.
നായകന്‍ മഹീന്ദ്ര സിംഗ് ധോണി തന്നെ ചെന്നൈയുടെ നട്ടെല്ല്. സുരേഷ് റൈന, ഷെയിന്‍ വാട്ട്‌സണ്‍ ഡ്വിന്‍ ബ്രാവോ, മുരളി വിജയ് തുടങ്ങിയവരാണ് ബാറ്റിംഗ് ശക്തി. ബൗളിംഗില്‍ ഇന്ത്യന്‍ സീമര്‍ ശ്രാദ്ധൂല്‍ ഠാക്കൂറും മാര്‍ക് വുഡും ഹര്‍ഭജനുമെല്ലാം.

chandrika: