X

ഐ.പി.എൽ താരലേലം ഇന്ന്

ഐ.പി.എല്‍ 2024 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം ഇന്ന് ദുബൈയില്‍ നടക്കും. ദുബൈയിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 മണിക്ക് ലേലം തുടങ്ങും. ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്.

ഇക്കുറി മിനി ലേലമാണെങ്കിലും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ശ്രദ്ധേയപേരുകള്‍ ലേലത്തിനുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 262.95 കോടി രൂപ ചെലവഴിക്കാം.

കൂടുതല്‍ തുക കൈയിലുളള്ള ടീം ഗുജറാത്ത് ടൈറ്റന്‍സാണ്, 38.15 കോടി രൂപ. കുറഞ്ഞ തുക കൈവശമുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും (13.15 കോടി).ആകെ 333 കളിക്കാരാണ് ലേലത്തിന് പരിഗണനയിലുള്ളത്. ഇതില്‍ 214 ഇന്ത്യക്കാരുണ്ട്. എട്ട് മലയാളി താരങ്ങളും ലേലത്തിനുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 77 കളിക്കാരെ ടീമിലെത്തിക്കാം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമ ആപ്പിലും ലേലം തത്സമയം കാണിക്കും.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഇംഗ്ലിസ്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ അടിസ്ഥാനവില രണ്ടുകോടി രൂപയാണ്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍, ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കൂറ്റ്‌സെ, ഇന്ത്യയുടെ ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും രണ്ടുകോടി അടിസ്ഥാനവിലയുണ്ട്.

അതേസമയം ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു വനിത ഓക്ഷണര്‍ നിയന്ത്രിക്കുന്ന ലേലമായിരിക്കും ഇന്ന് ദുബായില്‍ നടക്കുക. പ്രൊ കബഡി ലീഗ്, വിമന്‍ പ്രിമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളുടെ താരലേലം നിയന്ത്രിച്ചു പരിചയമുള്ള മുംബൈ സ്വദേശിനി മല്ലിക സാഗറാണ് ഇന്നത്തെ ഐപിഎല്‍ ലേലം നിയന്ത്രിക്കുക.

2024 മാര്‍ച്ച് 22ന് പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കും എന്നാണ് സൂചനകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരുന്നു 2023ലെ ജേതാക്കള്‍. ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലില്‍ കിരീടം ഉയര്‍ത്തിയത്. ഇതോടെ ചെന്നൈയുടെ കിരീട നേട്ടം 5 ആയി ഉയര്‍ന്നു. നിലവില്‍ മുംബൈയ്ക്കും ചെന്നൈയ്ക്കും മാത്രമാണ് ഐപിഎലില്‍ 5 കിരീടം അവകാശപ്പെടാനുള്ളത്. അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം ഉയര്‍ത്തിയ ഗുജറാത്തും നിലവില്‍ മികച്ച ഫോമിലാണ്.

എന്നാല്‍ ഗുജറാത്ത് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈയില്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ക്യാപ്റ്റനായി ആണ് ഹാര്‍ദിക് ഇപ്പോള്‍ മുംബൈയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റുന്നതില്‍ ടീം അംഗങ്ങള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സീസണ്‍ ആരംഭിക്കും മുമ്പ് ഈ വിവാദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയിരിക്കും മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുക.

 

webdesk13: