X

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; വിജയത്തുടക്കത്തിന് കോഹ്‌ലിപ്പട

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ ജയം തേടി വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മത്സരം.

ബാറ്റിങ്ങിലും ബോളിങ്ങിലും സന്തുലിതമാണ് ഹൈദരാബാദും ബാംഗ്ലൂരും. എന്നാല്‍ വ്യക്തിഗത പ്രകടനങ്ങളായിരിക്കും വിജയികളെ തീരുമാനിക്കുക. ബോളിങ്ങിന് അനുകൂലമായ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളാണുള്ളത്. അങ്ങനെയെങ്കില്‍ സമകാലിന ക്രിക്കറ്റിലെ മികച്ച ഓരോ സ്പിന്നര്‍മാരാണ് ഇരു ടീമുകളിലും ഉള്ളത്, റാഷിദ് ഖാനും യുസ്‌വേന്ദ്ര ചാഹലും.

പുതിയ പരിശീലകന് കീഴിലെത്തുന്ന ഹൈദരാബാദിന്റെ പ്രധാന പ്രതീക്ഷ അക്രമണകാരികളായ ഓപ്പണര്‍മാരിലാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇംഗ്ലിഷ് താരം ജോണി ബെയര്‍സ്‌റ്റോയുമാണ് ഹൈദരാബാദ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേ ഓഫ് വരെയെത്തിക്കുന്നതില്‍ ഇരുവരുടെയും പങ്ക് നിര്‍ണായകമായിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടുക അസാധ്യമായിരിക്കും.

കെയ്ന്‍ വില്യംസണ്‍ മൂന്നാമനായി ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെയും വിജയ് ശങ്കറും കളിക്കും. മികച്ച ഓള്‍റൗണ്ട് നിരയാണ് ഹൈദരാബാദിന്റേത്. സ്പിന്നില്‍ റാഷിദിനൊപ്പം തിളങ്ങാനും ബാറ്റിങ്ങില്‍ വാലറ്റത്ത് വെടിക്കെട്ട് തീര്‍ക്കാനും സാധിക്കുന്ന വിരാട് സിങ് ഐപിഎല്‍ 13ാം സീസണ്‍ കാത്തിരിക്കുന്ന യുവതാരങ്ങളിലൊരാളാണ്.2016ന് ശേഷം എല്ലാ തവണയും പ്ലേ ഓഫ് കളിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് ഹൈദരാബാദിന് കിരീടം ഉയര്‍ത്താന്‍ സാധിച്ചത്. ഇത്തവണ അത് രണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ടീം.

മികച്ച ബാറ്റിങ് നിരയാണ് ബാംഗ്ലൂരിന്റെയും കരുത്ത്. ഏത് ബോളര്‍മാരെയും വെള്ളം കുടിപ്പിക്കാന്‍ കഴിയുന്ന നായകന്‍ വിരാട് കോഹ്‌ലിയും ആരോണ്‍ ഫിഞ്ചും ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാം നമ്പരില്‍ എബി ഡി വില്ലിയേഴ്‌സുമുണ്ടാകും. ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിങ്ങനെ ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികള്‍ക്ക് വെല്ലുവിളിയാകാന്‍ സാധിക്കുന്ന ഒരുപിടി താരങ്ങളാണ് മധ്യനിരയില്‍ ടീമിന്റെ കരുത്ത്.ബോളിങ്ങില്‍ പ്രൊട്ടിയാസ് താരം ഡെയ്ല്‍ സ്‌റ്റെയിനിന്റെ സാനിധ്യം ബംഗ്ലൂരിന്റെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. ഒപ്പം ഉമേഷ് യാദവും പവന്‍ നേഗിയും യുസ്‌വേന്ദ്ര ചാഹലുമെത്തുന്നതോടെ ബോളിങ് ഡിപ്പാര്‍ട്‌മെന്റും ശക്തം.

 

Test User: