അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രണ്ട് ടീമിനെയും നയിക്കുന്നത് യുവനായകന്മാരാണ് എന്നത് തന്നെയാണ് മത്സരം കൂടുതല്‍ ആവേശമാക്കുന്നത്. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ഇരുടീമുകളും മികച്ച ടീമിനെയാണ് ഈ സീസണില്‍ അണിനിരത്തുന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി കഴിഞ്ഞ തവണ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ 2014ന് ശേഷം ഒരിക്കല്‍ പോലും പഞ്ചാബ് പ്ലേ ഓഫ് കളിച്ചിട്ടില്ല. മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളെ ടീമിലെത്തിച്ചാണ് ഡല്‍ഹി ഇത്തവണ എത്തുന്നത്. ഒപ്പം പതിവുപോലെ യുവനിരയുടെ കരുത്തും ടീമിന്റെ കിരീട സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയപ്പെടുന്ന യുവനിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന കരുത്ത്. കഴിഞ്ഞ തവണ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ ഇത്തവണ ഡല്‍ഹിയുടെ ഭാഗമാണ്.
ഡല്‍ഹി നിരയില്‍ ശ്രദ്ധാകേന്ദ്രങ്ങളാകാന്‍ പോകുന്നത് റിഷഭ് പന്തും ശ്രേയസ് അയ്യരും പൃഥ്വി ഷായുമാണ്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇതിനോടകം സ്ഥാനമുറപ്പിച്ചുകഴിഞ്ഞ മൂവരുടെയും പ്രകടനം ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പ്രധാന കരുത്ത്. ഓപ്പണിങ് ധവാനൊപ്പം പൃഥ്വി ഷാ എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇത്തവണ ടീമിലെത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ കൂടിയായ അജിങ്ക്യ രഹാനെ മൂന്നാമനാകും. മധ്യനിരയില്‍ നായകന്‍ ശ്രേയസ് അയ്യരിനൊപ്പം വിന്‍ഡീസ് വെടിക്കെട്ട് താരം ഷിമ്രോണ്‍ ഹെറ്റ്മയറും റിഷഭ് പന്തും തിളങ്ങിയാല്‍ ഡല്‍ഹിക്ക് എതിരാളികള്‍ക്ക് മേല്‍ അനായാസം ആധിപത്യം സ്ഥാപിക്കാനാകും.
ഇന്ത്യയുടെ മുതിര്‍ന്ന പേസര്‍ ഇഷാന്ത് ശര്‍മ നയിക്കുന്ന ബോളിങ് ഡിപ്പാര്‍ട്‌മെന്റില്‍ നിര്‍ണായകമാകുക ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയുടെ പ്രകടനമാണ്. വിന്‍ഡീസ് താരം കീമോ പോളും ഇന്ത്യയുടെ ലോകകപ്പ് താരം ആവേശ് ഖാനും പേസിന്റെ കുന്തമുനകളാകും.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച ടീമുകളിലൊന്നാണ് പഞ്ചാബ്. മധ്യനിരയും ബൗളിങ്ങ് നിരയും ശക്തമാക്കാനുതകുന്ന ഒന്‍പത് താരങ്ങളെ താരലേലത്തില്‍ പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു. മിഡില്‍ ഓര്‍ഡറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ മടങ്ങിയെത്തിയതും ഷെല്‍ഡന്‍ കോട്രെല്‍, ക്രിസ് ജോര്‍ഡാന്‍ എന്നിവര്‍ ബൗളിങ്ങ് നിരയിലുള്‍പ്പെട്ടതും ടീമിന് കരുത്താകും. ശക്തമായ ഓപ്പണിങ്ങ് ഒരുക്കുന്ന ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം മായങ്ക് അഗര്‍വാള്‍ കൂടി ചേരുന്നതോടെ ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ ശക്തമാണ്.