മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ ആരംഭിക്കും. ഒക്ടോബര്‍ 15ന് ഫൈനല്‍ പോരാട്ടം നടക്കുമെന്നും വാര്‍ത്താ ഏജന്‍സി ആയ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയം കണ്ടതായും തീയ്യതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളെ വിട്ടുനല്‍കുന്നതില്‍ വിസമ്മതം അറിയിച്ചിരുന്നു.
‘വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അവരില്‍ മിക്ക താരങ്ങളേയും കളിപ്പിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇനി താരങ്ങള്‍ക്ക് എത്താന്‍ സാധിക്കില്ല എങ്കില്‍ എന്തു വേണമെന്ന് അപ്പോള്‍ തീരുമാനിക്കാം. നിലവില്‍ 14ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.’ ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
വിദേശ താരങ്ങളെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കൃത്യമായ തീരുമാനമെടുക്കുമെന്നാണ് ഫ്രാഞ്ചൈസികളും പ്രതീക്ഷിക്കുന്നത്.