X

സഞ്ജുവിന്റെ വെടിക്കെട്ട് പാഴായില്ല; ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈക്കതിരെ രാജസ്ഥാന് ജയം.16 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംങ്‌സിനെ തോല്‍പ്പിച്ചത്.  ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. വലിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാനായില്ല.

ടാസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനെ കരകയറ്റിയത്.

32 പന്തില്‍ നിന്നും 74 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ചെന്നൈ ബോളര്‍മാരെ നന്നായി പ്രഹരിച്ചു. സഞ്ജു പുറത്തായതിന് ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പതുക്കെ ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടത്തിയത്.

37 പന്തില്‍ നിന്നും 72 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് മാത്രമാണ് ചെന്നൈ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ ഡുപ്ലെസി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ധോനി പഴയ ഫോമിന്റെ നിഴലിലേക്കൊതുങ്ങി. ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ ധോനി നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല.വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടുകളികളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പട്ടികയില്‍ മൂന്നാമതാണ്.

 

 

Test User: