അബുദാബി: ഐപിഎല്ലിലെ 13ാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് 48 റണ്‍സ് ജയം. മുംബൈ ഉയര്‍ത്തിയ 192 വിജയലക്ഷ്യം പിന്തുടര്‍ന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ രണ്ടാം ജയമാണിത്.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പാഞ്ചാബിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 4.4 ഓവറില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
18 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മൂന്നു പന്ത് മാത്രം നേരിട്ട കരുണ്‍ നായര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ പുറത്തായി. 19 പന്തില്‍ 17 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍, രാഹുല്‍ ചാഹറിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. ഇതോടെ പഞ്ചാബ് തീര്‍ത്തും പ്രതിരോധത്തിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നിച്ച നിക്കോളാസ് പുരനും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന് സ്‌കോര്‍ 101 വരെ എത്തിച്ചെങ്കിലും പുരാന്‍ പുറത്തായതോടെ ടീം തകരുകയായിരുന്നു.
മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പാറ്റിന്‍സനും രണ്ടു വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു.അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈക്കായി തിളങ്ങിയത്.
പൊള്ളാര്‍ഡ് 20 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറുമടക്കം 47 റണ്‍സെടുത്തു. 11 പന്തുകള്‍ നേരിട്ട പാണ്ഡ്യ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 30 റണ്‍സെടുത്തു.നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.