X

പഞ്ചാബ് ജയിച്ചാലും രാജസ്ഥാന് പ്ലേഓഫില്‍ എത്താം!; സാധ്യതകള്‍ ഇങ്ങനെ

ഷാര്‍ജ :ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും തോല്‍വിയോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പ്ലേഓഫിലെ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ കനത്ത പോരാട്ടം. ഡല്‍ഹിക്കും ബാംഗ്ലൂരിനും മുന്നേറാന്‍ ജയം മതിയെങ്കില്‍, പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലാത്ത രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് ജയവും മറ്റു ടീമുകളുടെ ജയപരാജയങ്ങളും കൂടി നോക്കിയേ മുന്നോട്ട് പോകാന്‍ സാധിക്കൂ.

എല്ലാ ടീമുകളും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരേയൊരു ടീമാണ് പ്ലേ ഓഫ് ഉറപ്പാക്കിയത്. ഒന്‍പതു വിജയങ്ങളുമായി 18 പോയിന്റുള്ള നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മാത്രം. അവര്‍ ലീഗിലെ ഒന്നാം സ്ഥാനവും ഉറപ്പാക്കിക്കഴിഞ്ഞു. പ്ലേ ഓഫിലെത്തില്ലെന്ന് ഇതുവരെ ഉറപ്പായതും ഒരേ ഒരു ടീം മാത്രം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്.

രണ്ടു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കാണ് ശേഷിക്കുന്ന മത്സരം അതിനിര്‍ണായകം. 14 പോയിന്റ് വീതം നേടി നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഡല്‍ഹി ക്യാപിറ്റല്‍സിനും പ്ലേഓഫ് യോഗ്യത ഒരു വിജയം മാത്രം അകലെയാണ്. എന്നാല്‍ അവസാന മത്സരത്തില്‍ ഈ ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നതിനാല്‍ ജയിക്കുന്ന ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത മറ്റു ടീമുകളുടെ ജയപരാജയങ്ങളെയും റണ്‍റേറ്റിനെയുമാല്ലാം ആശ്രയിച്ചിരിക്കും.

12 പോയിന്റ് വീതമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ തമ്മിലാണ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കടുത്ത പോരാട്ടം നടക്കുന്നത്. ചെന്നൈയ്‌ക്കെതിരെ മികച്ച വിജയം നേടിയാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് സ്വപ്നം യാഥാര്‍ഥ്യമാകും. എന്നാല്‍ ചെന്നൈയോട് തോറ്റാല്‍ പഞ്ചാബിന്റെ സാധ്യതകള്‍ അവസാനിക്കും.രാജസ്ഥാന്‍ – കൊല്‍ക്കത്ത മത്സരത്തില്‍ ഏതെങ്കിലും ടീം ഏകപക്ഷീയമായി ജയിക്കുകയും ഹൈദരാബാദ് മുംബൈയ്‌ക്കെതിരെ ജയിക്കുകയും ചെയ്താല്‍ പഞ്ചാബിന് പുറത്തേക്കുള്ള വഴിതുറന്നേക്കാം.

അതേസമയം, ചെന്നൈയ്‌ക്കെതിരെ പഞ്ചാബ് ജയിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിന്റെ വിജയമാര്‍ജിന് ആനുപാതികമായ നിലയില്‍ ജയിച്ചാലെ രാജസ്ഥാന്‍ – കൊല്‍ക്കത്ത മത്സരത്തിലെ വിജയികള്‍ക്ക് പ്ലേഓഫ് സാധ്യതയുള്ളു. അതായത്, പഞ്ചാബ് ഒരു റണ്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ പോലും പ്ലേഓഫിന് രാജസ്ഥാന്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 65 റണ്‍സ് വ്യത്യാസത്തില്‍ ജയിക്കേണ്ടിവരുമെന്ന് ക്രിക്കറ്റ് വെബ്‌സൈറ്റായ ‘ക്രിക്ഇന്‍ഫോ’ ചൂണ്ടിക്കാട്ടുന്നു. റണ്‍റേറ്റില്‍ ഏറെ പിന്നിലായതിനാല്‍ വന്‍മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് അവസാന നാലില്‍ ഇടംപിടിക്കാനാവൂ.

Test User: