മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ചെന്നൈ അടിച്ചുകൂട്ടിയത്. രവീന്ദ്ര ജഡേജയാണ് (62) ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍. ആര്‍സിബിയ്ക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ ജഡേജ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ഫാഫ് ഡുപ്ലെസി-ഋതുരാജ് ഗെയ്ക്വാദ് സഖ്യം ആര്‍സിബി ഓപ്പണിംഗ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ടു. മികച്ച ബൗളിംഗും വിക്കറ്റ് വലിച്ചെറിയാന്‍ തയ്യാറാവാത്ത ബാറ്റിംഗും തമ്മിലായിരുന്നു പോരാട്ടം. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത് 74 റണ്‍സ്. ഋതുരാജിനെ (33) പുറത്താക്കിയ യുസ്വേന്ദ്ര ചഹാല്‍ ആണ് ബാംഗ്ലൂരിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്.
മൂന്നാം നമ്പറില്‍ സുരേഷ് റെയ്‌ന നന്നായി തുടങ്ങി. ചില റിസ്‌കി ഷോട്ടുകള്‍ കളിച്ച താരം അനായാസം ബൗണ്ടറി ക്ലിയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ സീസണില്‍ ആര്‍സിബിയുടെ കണ്ടെത്തലായ ഹര്‍ഷല്‍ പട്ടേല്‍ റെയ്‌നയെ (24) വീഴ്ത്തി. ആ ഓവറില്‍ തന്നെ ഫാഫ് ഡുപ്ലെസിയും (50) പുറത്തായി. അമ്പാട്ടി റായുഡുവും (14) ഹര്‍ഷലിന്റെ ഇരയായി മടങ്ങി. റായുഡും കൂടി പുറത്തായതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി. ഇതിനിടെ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ രവീന്ദ്ര ജഡേജയെ ഡാനിയല്‍ ക്രിസ്ത്യന്‍ കൈവിട്ടത് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയായി.
20ആം ഓവര്‍ വരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങിയിരുന്ന ചെന്നൈ അവസാന ഓവറിലാണ് കുതിച്ചത്. 19 ഓവര്‍ അവസാനിക്കുമ്പോള്‍ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ്. ജഡേജ 21 പന്തില്‍ 26. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്‌സര്‍ മഴയാണ് ജഡേജ കാഴ്ചവച്ചത്. ഒരു നോ ബോള്‍ അടക്കം ആ ഓവറില്‍ പിറന്നത് അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 37 റണ്‍സ്.